പൗരത്വ നിയമ ഭേദഗതി: കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ പരിപാടിയ്ക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നല്‍കും. അസമിലെ ഗുവാഹത്തിയില്‍ രാഹുല്‍ ഗാന്ധിയും ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ പ്രിയങ്ക ഗാന്ധിയും പ്രതിഷേധറാലിയെ അഭിസംബോധന ചെയ്യും.

ഭരണഘടനയും രാജ്യത്തെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം. 9.30-ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് സോണിയ ഗാന്ധി പതാക ഉയര്‍ത്തുന്നതോടെയായിരിക്കും ഡല്‍ഹിയിലെ പ്രതിഷേധ പരിപാടികള്‍ തുടങ്ങുക. നേതാക്കള്‍ ഭരണഘടനയുടെ ആമുഖം വായിക്കും. എല്ലാ പി.സി.സികളും, അദ്ധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി നടത്തും.

മഹാരാഷ്ട്ര പി.സി.സിയുടെ നേതൃത്വത്തില്‍ ക്രാന്തി മൈതാനത്ത് മഹാറാലി സംഘടിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ജാമിയ സര്‍വകലാശാലയ്ക്ക് മുമ്പിലും ഇന്ത്യ ഗേറ്റിലും ജന്തര്‍മന്ദറിലും ഷഹീന്‍ ബാഗിലും പതിവു പ്രതിഷേധമുണ്ട്.

ഷഹീന്‍ ബാഗില്‍ വനിതകളുടെ നേത്യത്വത്തിലുള്ള പ്രതിഷേധത്തിന് പിന്തുണയുമായി ഇടത് നേതാക്കളും വിദ്യാര്‍ത്ഥികളും 2 മണിക്ക് സമരവേദിയിലെത്തും.