പശ്ചിമ ബംഗാളിൽ ടിഎംസി-കോൺഗ്രസ് പോര് മുറുകുന്നു; മമത പ്രധാനമന്ത്രിയെ സേവിക്കുന്ന തിരക്കിലെന്ന് അധിർ രഞ്ജൻ ചൗധരി

ബിജെപിക്കെതിരെ ഇന്ത്യ സഖ്യം പോരിനൊരുങ്ങുന്നതിനിടെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും കോൺഗ്രസും തമ്മിലുള്ള പോര് രൂക്ഷമാകുകയാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി തന്നെ രംഗത്തുവന്നിരിക്കുകയാണ്. മമത പ്രധാനമന്ത്രിയെ സേവിക്കുന്ന തിരക്കിലാണെന്ന് വിമർശനം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിൽ രണ്ട് സീറ്റ് നൽകിയേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുന്നതിനിടെയായിരുന്നു ചൗധരിയുടെ പരാമർശം. കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ ബാനർജി ആഗ്രഹിക്കുന്നില്ല. പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കണമെന്നും ചൗധരി പറഞ്ഞു.

‘ഞങ്ങൾ ആരോടും ഭിക്ഷ ചോദിച്ചില്ല. സഖ്യം വേണമെന്ന് മമത ബാനർജിയാണ് ആവശ്യപ്പെട്ടത്. മമതയുടെ കാരുണ്യം ഞങ്ങൾക്ക് ആവശ്യമില്ല. തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും. മോദിയെ സേവിക്കുന്ന തിരക്കിലായതിനാൽ മമത ബാനർജി സഖ്യം ആഗ്രഹിക്കുന്നില്ല’- അധിർ രഞ്ജൻ ചൗധരി പ്രതികരിച്ചു. സീറ്റ് വിഭജനത്തെ ചൊല്ലി പ്രതിപക്ഷ സഖ്യത്തിലെ ഭിന്നതയെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് അടുത്ത പ്രതിസന്ധി.