ജമ്മു കശ്മീരിൽ ഒരു ജീവൻ പോലും നഷ്ടപ്പെട്ടില്ല; നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും: ചീഫ് സെക്രട്ടറി

ജമ്മു കശ്മീരിൽ രണ്ടാഴ്ചയോളമായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ പ്രതിരോധിച്ച്‌ കേന്ദ്രം. പാകിസ്ഥാന്റെ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകൾ സംസ്ഥാനത്ത് വലിയ രീതിയിലുള്ള ആക്രമണം നടത്താൻ പദ്ധതിയിട്ടിരിക്കുകയാണെന്ന, വിശ്വസനീയമായ വിവരങ്ങൾ കണക്കിലെടുത്താണ് പ്രതിരോധ നടപടികൾ എന്ന് കേന്ദ്രം പറഞ്ഞു.

ജമ്മു കശ്മീരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടും സംസ്ഥാനത്ത് ഒരു ജീവൻ പോലും നഷ്ടപ്പെട്ടില്ലെന്ന് കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച്‌ ചീഫ് സെക്രട്ടറി ബി.വി.ആർ സുബ്രഹ്മണ്യം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. ടെലിഫോൺ സംവിധാനം ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കും. ക്രമസമാധാനം നിലനിർത്താനള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കും. സർക്കാർ സ്ഥാപനങ്ങളും അധികം വൈകാതെ പ്രവർത്തിച്ച് തുടങ്ങും. സമാധാനം തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കും. വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കും. മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറി ബി.വി.ആർ സുബ്രഹ്മണ്യം പറഞ്ഞു.