മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോദ്ധ്യയിൽ മത്സരിച്ചേക്കും

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോദ്ധ്യയില്‍ മത്സരിച്ചേക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ബി.ജെ.പി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാകും ഉണ്ടാകുക. കോര്‍ കമ്മിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നും മത്സരിക്കാന്‍ യോഗി സന്നദ്ധത അറിയിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഗോരഖ്പുരില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു യോഗി. തുടര്‍ന്ന് മുഖ്യമന്ത്രിയായ ശേഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പകരം ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായാണ് അദ്ദേഹം നിയമനിര്‍മ്മാണ സഭയില്‍ തുടരുന്നത്. എന്നാല്‍ ഇപ്രാവശ്യം യോഗി അയോദ്ധ്യയില്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയില്‍ ഉയരുന്ന പൊതുവികാരം.

ഗോരഖ്പുരാണ് യോഗി ആദിത്യനാഥിന്റെ സ്വന്തം തട്ടകം. കിഴക്കന്‍ യു.പി.യില്‍ വേരോട്ടമുള്ള നേതാവുമാണ് യോഗി. ഗോരഖ്പുരിന് പുറമേ മഥുരയും അദ്ദേഹത്തിന്റെ പേരില്‍ പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ഇക്കുറി അയോദ്ധ്യയില്‍ മത്സരിക്കണമെന്നാണ് ബി.ജെ.പി.യില്‍ വലിയൊരു വിഭാഗം അദ്ദേഹത്തോട് ആവശ്യപ്പെടുന്നത്. ദേശീയരാഷ്ട്രീയത്തില്‍ത്തന്നെ ശക്തമായ സന്ദേശമാകും അയോദ്ധ്യ നല്‍കുകയെന്നും അവര്‍ പറയുന്നു.