നായിഡുവിന് കനത്ത തിരിച്ചടി; നാല് എം.പിമാര്‍ക്ക് പിന്നാലെ പാര്‍ട്ടി വക്താവും ബി.ജെ.പിയിലേക്ക്

ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയെയും മോദിയെയും നിരന്തരം വിമര്‍ശിക്കുകയായിരുന്നു ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇനിയൊരു തവണ കൂടി അധികാരത്തില്‍ എത്താതിരിക്കാന്‍ പ്രതിപക്ഷ ഐക്യം ഉണ്ടാക്കാന്‍ ഓടി നടന്ന നായിഡുവിന്റെ ടി.ഡി.പി, തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. മാത്രമല്ല നായിഡുവിന്റെ മുഖ്യമന്ത്രി സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും കനത്ത തിരിച്ചടിയാണ് അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നത്.

ടി.ഡി.പിയിലെ നേതാക്കളെല്ലാം ഓപ്പറേഷന്‍ താമരയില്‍ വീണു കൊണ്ടിരിക്കുകയാണ്. നാല് രാജ്യസഭാ എം.പിമാര്‍ ടി.ഡി.പി വിട്ടതിന് പിന്നാലെ പാര്‍ട്ടി വക്താവും ബിജെപിയിലെത്തി. നായിഡുവിന്റെ അടുപ്പക്കാരിലൊരാളായ ലങ്ക ദിനകറാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് ബി.ജെ.പി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെ. പി നഡ്ഡയാണ് ലങ്ക ദിനകറിന് പാര്‍ട്ടി അംഗത്വം നല്‍കിയത്. ചന്ദ്രബാബു നായിഡുവിന് രാജിക്കത്ത് നല്‍കിയ ശേഷമാണ് അദ്ദേഹം ബി.ജെ.പി ഓഫീസിലെത്തിയത്.

ആന്ധ്രയില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളായ സി. എം രമേശ്, ടി. ജി വെങ്കിടേഷ്, വൈ. എസ് ചൗധരി, തെലങ്കാനയില്‍നിന്നുള്ള രാജ്യസഭാംഗം ജി മോഹന്‍ റാവു എന്നിവരാണ് നേരത്തെ ഓപ്പറേഷന്‍ താമരയില്‍ വീണത്. ടി.ഡി.പിയെ സംബന്ധിച്ചിടത്തോളം ഈ കൊഴിഞ്ഞുപോക്ക് വലിയ ആഘാതമാണുണ്ടാക്കുക. പ്രത്യേകിച്ച് ടി.ഡി.പിക്ക് ഭരണം പോലും നഷ്ടമായ സാഹചര്യത്തില്‍.