ആന്ധ്ര മുൻ മുഖ്യമന്ത്രി എൻ ചന്ദ്ര ബാബു നായിഡു അറസ്റ്റിൽ ; നടപടി  മാനവവിഭവ ശേഷി പദ്ധതി അഴിമതിക്കേസിൽ

ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ എൻ ചന്ദ്രബാബു നായിഡു അറസ്റ്റിൽ. ആന്ധ്ര പൊലീസിന്റെ സിഐഡി വിഭാഗമാണ് അറസ്റ്റ് നടത്തിയത്. നന്ത്യാലിൽ നിന്നാണ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്.

ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. മാനവ വിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട് ഒരു സീമൻസ് ഇൻഡസ്ട്രി സോഫ്റ്റ്വേയർ ഓഫ് ഇന്ത്യ എന്ന കമ്പനി സർക്കാരിൽ നിന്ന് കോടികൾ തട്ടിയെന്നാണ് എഫ്ഐആർ.

2014-ൽ നായിഡു മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ഈ കമ്പനിയുമായി ആന്ധ്ര സർക്കാർ കരാർ ഒപ്പിടുന്നത്. അഴിമതിയുണ്ടെന്നാണ് കണ്ടെത്തൽ.ജാമ്യമില്ലാ വ്യവസ്ഥയിലാണ് അറസ്റ്റെന്നാണ് വിവരം.

നായിഡുവിന്റെ മകൻ നാരാ ലോകേഷിനെയും ആന്ധ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈസ്റ്റ് ഗോദാവരി ജില്ലയിൽ പാർട്ടി പരിപാടികൾക്ക് എത്തിയതിന് ഇടയ്ക്കാണ് നാരാ ലോകേഷിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ലോകേഷ് നന്ത്യാലിലേക്ക് എത്തുന്നതത് തടയാനാണ് അറസ്റ്റെന്നാണ് സൂചന.