കേന്ദ്രം കശ്മീരിനോട് കണ്ണടച്ചിരിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം, പ്രതിഷേധം ശക്തം

ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. കശ്മീരില്‍ സാധാരണക്കാരായ ജനങ്ങള്‍ കൊല്ലപ്പെടുകയാണ്. കശ്മീരി പണ്ഡിറ്റുകള്‍ പ്രദേശത്ത് നിന്നും പാലായനം ചെയ്യുന്നു. സ്ഥിതി ഗുരുതരമാണ് പക്ഷേ കേന്ദ്രം കശ്മീരിനോട് കണ്ണടച്ചിരിക്കുന്നവെന്നും ലോക്‌സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു.

കശ്മീര്‍ പുനസംഘടനക്കേറ്റ കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ നടക്കുന്ന ഭീകരാക്രമണങ്ങളെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കശ്മീരില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ വേണ്ടരീതിയില്‍ ഉണ്ടാകുന്നില്ലെന്നും സര്‍ക്കാര്‍ അവിടുത്തെ ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടരുതെന്ന് ഉദ്ധവ് താക്കറെയും പറഞ്ഞു.

അതേസമയം ഭീകരാക്രമണങ്ങളെ തുടര്‍ന്ന് തെരുവുകളില്‍ പ്രതിഷേധം ശക്തമാകുകയാണ്. സാധാരണക്കാര്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റുകളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. കശ്മീരിലും ഡല്‍ഹിയിലും പ്രതിഷേധം നടന്നു. അധ്യാപികമാര്‍ ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

കശ്മീരി പണ്ഡിറ്റുകളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉടനെ ജമ്മു മേഖലയിലേക്കോ, സുരക്ഷിതമായ ഉള്‍ഗ്രാമങ്ങളിലേക്കോ സ്ഥലംമാറ്റം നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍ കശ്മീരില്‍ കേന്ദ്രം പിന്നോട്ട് പോയിട്ടില്ലെന്നാണ് ബിജെപി പറയുന്നത്. ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇതുവരെ എണ്‍പതോളം ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചത്.