പി. ചിദംബരത്തിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് പി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. ഡല്‍ഹി, മുംബൈ, ചെന്നൈ, തമിഴ്നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലെ അദ്ദേഹത്തിന്റെ വസതികളിലും ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.

മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരായ കേസുമായി ബന്ധപ്പെട്ട് ഈ നഗരങ്ങളിലുടനീളമുള്ള ഏഴോളം സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

2010-14 കാലയളവില്‍ വിദേശ നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിനെതിരെ അന്വേഷണ ഏജന്‍സി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു.

വിദേശ നിക്ഷേപം സ്വീകരിക്കാനായി െഎ.എന്‍.എക്‌സ് മീഡിയാ ടെലിവിഷന്‍ കമ്പനിക്ക് വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി) അനുമതിലഭ്യമാക്കിയതിലൂടെ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളില്‍ നിന്ന് 3.5 കോടി രൂപാ കോഴവാങ്ങിയെന്നാണ് കേസ്.പിതാവ് പി.ചിദംബരം ധനമന്ത്രിയായിരുന്ന 2007-ല്‍ ധനമന്ത്രാലയത്തില്‍ സ്വാധീനം ചെലുത്തിയാണ് മൗറീഷ്യസില്‍ നിന്നും മുന്നൂറു കോടിയുടെ നിക്ഷേപം തരപ്പെടുത്താന്‍ അനുമതി വാങ്ങിനല്‍കിയത്. കമ്പനി ഡയറക്ടര്‍മാരായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരില്‍ നിന്നാണ് കോഴ കൈപ്പറ്റിയത്. കേസില്‍ കാര്‍ത്തിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ്. ഭാസ്‌കരരാമന്‍ നേരത്തെ അറസ്റ്റിലായിരുന്നു.