ജാതികള്‍ക്ക് ഈ കാലത്ത് ഒരു പ്രസക്തിയുമില്ല: മോഹന്‍ ഭാഗവത്

ജാതികള്‍ക്ക് ഇന്നത്തെ കാലത്ത്  ഒരു പ്രസക്തിയുമില്ലെന്ന് ആര്‍എസ്എസ് മേധാവിയായ മോഹന്‍ ഭാഗവത്. വര്‍ണ്ണ, ജാതി പോലുള്ള സങ്കല്‍പ്പങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ഡോ.മദന്‍ കുല്‍ക്കര്‍ണിയും ഡോ.രേണുക ബൊക്കറെയും എഴുതിയ ‘വജ്രസൂചി തുങ്ക്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് മോഹന്‍ ഭാഗവത് സംസാരിച്ചത്. വര്‍ണ്ണ-ജാതി വ്യവസ്ഥകള്‍ക്ക് യഥാര്‍ത്ഥത്തില്‍ വിവേചനം ഇല്ലായിരുന്നുവെന്നും ഇന്ന് ആരെങ്കിലും ഈ വ്യവസ്ഥയെ കുറിച്ച് ചോദിച്ചാല്‍, ‘അത് കഴിഞ്ഞതാണ് നമുക്ക് മറക്കാം’ എന്നായിരിക്കും തന്റെ ഉത്തരമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

വിവേചനത്തിന് കാരണമാകുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കണമെന്നും ആര്‍എസ്എസ് മേധാവി കൂട്ടിച്ചര്‍ത്തു. മുന്‍ തലമുറകള്‍ എല്ലായിടത്തും തെറ്റുകള്‍ വരുത്തിയിട്ടുണ്ടെന്നും ഇന്ത്യ ഒരു അപവാദമല്ലെന്നും അദ്ദേഹം പറഞ്ഞു.

ആ തെറ്റുകള്‍ അംഗീകരിക്കുന്നതില്‍ ഒരു പ്രശ്നവും ഉണ്ടാകരുത്. നമ്മുടെ പൂര്‍വ്വികര്‍ തെറ്റ് ചെയ്തുവെന്ന് അംഗീകരിക്കുന്നതിലൂടെ അവര്‍ താഴ്ന്നവരായി മാറുമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ അത് സംഭവിക്കില്ല എന്തെന്നാല്‍ എല്ലാവരുടെയും പൂര്‍വ്വികര്‍ തെറ്റുകള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.