'ദളിതരുടെ ഭൂമി അവകാശം ഇല്ലാതായത് രാജരാജ ചോളന്റെ ഭരണകാലത്ത്', പാ രഞ്ജിത്തിനെതിരെ കേസ്

രാജരാജ ചോളന്‍ ഒന്നാമനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ തമിഴ് ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്തിന്റെ പേരിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഹിന്ദുമക്കള്‍ കക്ഷി നേതാവ് കാ ബാല നല്‍കിയ പരാതിയിലാണ് തിരുപ്പനന്താല്‍ പൊലീസ് കേസെടുത്തത്. മനഃപൂര്‍വം കലാപമുണ്ടാക്കാന്‍ ശ്രമിക്കുക, രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുക എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് കേസെടുത്തിരിക്കുന്നത്.

രാജരാജ ചോളന്റെ കാലത്താണ് ദളിതരുടെ ഭൂമിയുടെ മേലുള്ള അധികാരം ഇല്ലാതായതെന്നും ദളിതന്റെ ഭൂമി പിടിച്ചെടുത്ത് ഈ വിഭാഗങ്ങളെ അടിച്ചമര്‍ത്തിയെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. ജൂണ്‍ അഞ്ചിന് കുംഭകോണത്തിന് സമീപം തിരുപ്പനന്താലില്‍ ദളിത് സംഘടനയായ നീല പുഗല്‍ ഇയക്കം സ്ഥാപക നേതാവ് ഉമര്‍ ഫറൂഖിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് രഞ്ജിത്ത് ഇങ്ങിനെ പ്രസംഗിച്ചത്. ഇപ്പോഴുള്ള പല ക്ഷേത്രം വക ഭൂമികളും ദളിതരുടെതായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. രാജരാജ ചോളന്റെ കാലത്താണ് പെണ്‍കുട്ടികളെ ക്ഷേത്രങ്ങളില്‍ അടിമകളാക്കി മാറ്റുന്ന ദേവദാസി സമ്പ്രദായം ഉണ്ടാകുന്നതെന്നും രഞ്ജിത്ത് വിമര്‍ശിച്ചിരുന്നു.

പ്രസംഗം വലിയ തോതില്‍ വിവാദങ്ങളുണ്ടാക്കി. സമൂഹമാധ്യമങ്ങളിലും പുറത്തും തീവ്ര ഹിന്ദുത്വവാദികളുടെ വെല്ലുവിളികള്‍ നടന്നു. രഞ്ജിത്തിന് വധഭീഷണിയും ഉണ്ടായി. ഹിന്ദുക്കളുടെയും ഭാരതത്തിന്റെയും വികാരം വ്രണപ്പെടുത്തുകയാണ് രാജ രാജ ചോളനെ അപമാനിക്കുക വഴി രഞ്ജിത്ത് ചെയ്തിരിക്കുന്നതെന്നാണ് ആരോപണം. എന്നാല്‍ രഞ്ജിത്തിനെ അനുകൂലിക്കുന്നവരും ഉണ്ട്.