ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള ശ്രമങ്ങള്‍ പ്രാദേശിക അസ്തിത്വത്തിന് എതിരെയുള്ള ഹീനമായ ആക്രമണമാണെന്ന് സിദ്ധരാമയ്യ

എട്ടാംക്ലാസ് വരെ രാജ്യത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഹിന്ദി നിര്‍ബന്ധമാക്കി കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായിരിക്കെ, ഇതിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ രംഗത്തെത്തി.

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് തമിഴ് നാട്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബുദ്ധിജീവികളും രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുക ണെന്നും ദക്ഷിണേന്ത്യയ്ക്ക് പരിഗണന വേണമെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
“സ്റ്റോപ് ഹിന്ദി ഇംപോസിഷന്‍” എന്ന ഹാഷ് ടാഗില്‍ തുടര്‍ച്ചയായുള്ള പോസ്‌ററില്‍ ഹിന്ദി പഠിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമായിരിക്കണമെന്നും അടിച്ചേല്‍പ്പിച്ച് ആവരുതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

പുതിയ വിദ്യാഭ്യാസ നയം: ‘തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് വെടിപ്പുരക്ക് തീ കൊളുത്തുന്നതു പോലെ അപകടകരം’- ഡി എം കെ നേതാവ് തിരുച്ചി ശിവ

പുതിയ വിദ്യാഭ്യാസ നയം ഹിന്ദിയെ മറ്റ് സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് ഞങ്ങളുടെ വികാരങ്ങള്‍ക്കെതിരാണ്. വളരെ കുറച്ച് ആളുകളുടെ ഹിതമനുസരിച്ച് പ്രാദേശിക അസ്തിത്വം അസ്ഥിരപ്പെടുന്നുവെങ്കില്‍ ഞങ്ങളുടെ സംസ്ഥാനങ്ങള്‍ക്ക് വലിയ പ്രഹരമായിരിക്കും -മറ്റൊരു ട്വീറ്റില്‍ സിദ്ധരാമയ്യ പറഞ്ഞു. അതേസമയം ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ആദ്യമായി സംസാരിച്ച തമിഴ്‌നാടിനെ മയപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി.

ഇതിന്റെ ഭാഗമായി തമിഴ് ബന്ധമുള്ള ധനമന്ത്രി നിര്‍മ്മല സീതാരാമനേയും വിദേശകാര്യമന്ത്രി എസ് ജയശങ്കറേയും രംഗത്തിറക്കി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം പടക്കപ്പുരക്ക് തീ കൊളുത്തുന്നതിന് തുല്യമാണെന്നാണ് ഡി എം കെ നേതാവ് തിരുച്ചി ശിവ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.