ഉരുളുന്ന സ്യൂട്ട്‌കേസിൽ ചാരിക്കിടന്ന് ഉറങ്ങുന്ന കുട്ടിയുമായി അമ്മ: കുടിയേറ്റക്കാരുടെ ദുരവസ്ഥ വെളിപ്പെടുത്തുന്ന വീഡിയോ

 

കൊറോണ വൈറസ് ബാധയെ തുടർന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് കാൽനടയായി യാത്ര പുറപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ വെളിപ്പെടുത്തുന്ന മറ്റൊരു ദൃശ്യം കൂടി. ദീർഘമായ യാത്രയെ തുടർന്ന് ക്ഷീണിതനായ ഒരു ആൺകുട്ടി തന്റെ അമ്മ ഉരുട്ടി കൊണ്ട് നീങ്ങുന്ന ഒരു ചെറിയ സ്യൂട്ട്കേസിലിരുന്ന് ഉറങ്ങുന്ന ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

സ്യൂട്ട്‌കെയ്‌സും അതിനു മേൽ ഉറങ്ങുന്ന മകനെയും വലിച്ചു കൊണ്ട് നടക്കുന്ന അമ്മയും വളരെയധികം ക്ഷീണിതയാണ്. ഉത്തർപ്രദേശിലെ ആഗ്രയിലെ ഹൈവേയിൽ കുടിയേറ്റക്കാരുടെ സംഘത്തോടൊപ്പം നടക്കവെയാണ് ദൃശ്യങ്ങൾ പകർത്തപ്പെട്ടത്.

എവിടേക്കാണ് പോകുന്നതെന്ന് റിപ്പോർട്ടർമാർ ചോദിച്ചപ്പോൾ, ഝാൻസി എന്നായിരുന്നു അമ്മയുടെ മറുപടി.

പഞ്ചാബിൽ നിന്ന് സംഘം കാൽനടയായി തങ്ങളുടെ നീണ്ട യാത്ര ആരംഭിക്കുകയും 800 കിലോമീറ്റർ അകലെയുള്ള ഝാൻസിയിലേക്ക് പോവുകയുമായിരുന്നു.