ബി.ജെ.പിയുടെ ഏകാധിപത്യം വ്യക്തം, സത്യത്തിനായുളള പോരാട്ടം തുടരും: പ്രിയങ്ക ഗാന്ധി

സത്യത്തിനായുളള പോരാട്ടം തുടരുമെന്ന് പ്രിയങ്ക ഗാന്ധി. ബി.ജെ.പിയുടെ ഏകാധിപത്യം വ്യക്തമാണ്. പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കും പ്രതിഷേധത്തിനും അനുവദിക്കുന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു.

നാഷ്ണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ  ഇഡി ചോദ്യം ചെയ്യലിനെതിരെ  പ്രതിഷേധം ശക്തമാണ്. നേരത്തെ രാജ്ഘട്ട് കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജ്ഘട്ടില്‍ പ്രതിഷേധിക്കാന്‍ ഡല്‍ഹി പൊലീസ് അനുമതി നല്‍കിയില്ല. തുടര്‍ന്ന് പ്രതിഷേധം എഐസിസി ആസ്ഥാനത്തേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.

വിജയ്ചൗക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ഇത് സ്വേച്ഛാധിപത്യമാണ്. ഇവിടെ സമാധാനമായി പ്രതിഷേധിക്കാന്‍ കഴിയില്ല. സത്യത്തിനു മാത്രമെ ഇതിന് അന്ത്യം കുറിക്കാന്‍ കഴിയുകയുള്ളൂവെന്നും രാഹുല്‍ഗാന്ധി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

നാഷനല്‍ ഹെറള്‍ഡ് കേസില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി. ചോദ്യംചെയ്യുന്നത് പുനരാരംഭിച്ചു. ഉച്ചഭക്ഷണത്തിനുശേഷം സോണിയ ഗാന്ധി ഇ.ഡി ഓഫിസിലെത്തി.