ഏകീകൃത സിവിൽ കോഡ്, ബി.പി.എൽ കുടുംബത്തിന് ദിവസവും അരലിറ്റർ നന്ദിനി പാൽ, മാസം തോറും അഞ്ച് കിലോ ധാന്യം ; 15 ഇന വാഗ്ദാനങ്ങളുമായി ബി.ജെ.പി പ്രകടനപത്രിക

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ ജനങ്ങളെ ആകർഷിക്കുന്ന വാദ്ഗാനങ്ങളുമായി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക. 15 വാഗ്ദാനങ്ങളാണ് പത്രികയിൽ പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാകുമെന്നതാണ് പ്രധാനമായും ഉറപ്പ് നൽകുന്നത്.

എല്ലാ ബിപിഎൽ വീടുകൾക്കും ദിവസവും അര ലിറ്റർ നന്ദിനി പാൽ സൗജന്യമായി നൽകും. പോഷണ എന്ന പേരില്‍ മാസം തോറും 5 കിലോ ധാന്യവും സൗജന്യം. ചെലവ് കുറഞ്ഞ ഭക്ഷണശാലകൾ അടൽ ആഹാര കേന്ദ്ര എന്ന പേരില്‍ ആരംഭിക്കും. സ്‌കൂളുകൾക്കും കോളജുകൾക്കും തൊഴിൽരഹിതരായ യുവാക്കളുടെ മാനവ വിഭവശേഷി വികസനത്തിനും അക്ഷര പദ്ധതി നടപ്പാക്കുമെന്നും പത്രികയിൽ പറയുന്നു.

ആരോഗ്യ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വാർഡിലും നന്മ ക്ലിനിക് തുറക്കും. മുതിർന്ന പൗരന്മാർക്ക് വാർഷിക സൗജന്യ മെഡിക്കൽ ചെക്കപ്പ് ഉറപ്പാക്കും. അഭിവൃദ്ധി പദ്ധതിയിലൂടെ കൃഷിയും ടെക്നോളജിയും സംയോജിപ്പിക്കാൻ പദ്ധതി നടപ്പാക്കും. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കും, 30,000 കോടി കെ അഗ്രി ഫണ്ട് നടപ്പാക്കും. ടൂറിസം വികസനത്തിനും, വ്യവസായിക ഇടനാഴികളുടെ വികസനത്തിനുമായി പദ്ധതി നടപ്പിലാക്കും. വർഷം തോറും ബിപിഎൽ കുടുംബങ്ങൾക്ക് 3 പാചകവാതക സിലിണ്ടർ സൗജന്യമായി നല്‍കുമെന്നും പ്രകടന പത്രികയിലൂടെ വാഗ്ദാനം നൽകുകയാണ് ബിജെപി.