ബിജെപി നടത്തുന്നത് നികുതി ഭീകരാക്രമണം; സ്റ്റേ ലഭിച്ചില്ലെങ്കില്‍ പണം കണ്ടെത്താന്‍ പുതിയ പദ്ധതിയുമായി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ച സംഭവം നികുതി ഭീകരാക്രമണമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ സാമ്പത്തികമായി ഞെരുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.

നികുതി ഭീകരാക്രമണം നടത്തിയാല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ് ബിജെപി ചിന്തിക്കുന്നത്. നോട്ട് നിരോധനം നടത്തിയപ്പോഴും ബിജെപിയ്ക്ക് സമാനമായ ലക്ഷ്യമായിരുന്നുവെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ നിന്ന് 65 കോടി രൂപയാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്.

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ബിജെപിക്കെതിരെ രംഗത്തെത്തി. കോണ്‍ഗ്രസും ഇന്ത്യ ഭരിച്ചിട്ടുണ്ടെന്നും യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബിജെപിക്ക് ഇത്തരം ഒരനുഭവം ഉണ്ടായിട്ടുണ്ടോയെന്നും കെസി വേണുഗോപാല്‍ ചോദിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടി അക്കൗണ്ട് സര്‍ക്കാര്‍ മോഷ്ടിച്ചിരിക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അക്കൗണ്ടില്‍ നിന്ന് ആദായനികുതി വകുപ്പ് 65 കോടി രൂപ പിടിച്ചെടുത്തതിനെതിരെ കോണ്‍ഗ്രസ് ഐടി അപ്പലറ്റ് ട്രിബ്യൂണലിനെ സമീപിച്ചതായി മുതിര്‍ന്ന നേതാവ് അജയ്മാക്കന്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ നടപടിക്ക് സ്റ്റേ ലഭിച്ചില്ലെങ്കില്‍ പണം കണ്ടെത്താന്‍ പാര്‍ട്ടി മറ്റ് വഴികള്‍ ആലോചിക്കുന്നുണ്ട്. ക്രൗഡ് ഫണ്ടിംഗ്, സംസ്ഥാന തലത്തിലെ ഫണ്ട് സമാഹരണം തുടങ്ങിയവയാണ് കോണ്‍ഗ്രസിന്റെ പദ്ധതികള്‍.