രാജ്യത്തെ അപമാനിച്ചു, സഭയില്‍ സംസാരിക്കണമെങ്കില്‍ രാഹുല്‍ മാപ്പ് എഴുതി നല്‍കണമെന്ന് ബി.ജെ.പി

ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ച് ലണ്ടനില്‍ വെച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ് ബിജെപി. സ്പീക്കര്‍ക്ക് മാപ്പ് എഴുതി നല്‍കിയ ശേഷമേ സഭയില്‍ രാഹുലിനെ സംസാരിക്കാന്‍ അനുവദിക്കാവൂ എന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രള്‍ഹാദി ജോഷി ആവശ്യപ്പെട്ടു.

രാജ്യത്തെ അപമാനിച്ചുവെന്ന ബിജെപിയുടെ ആരോപണത്തില്‍ വെള്ളിയാഴ്ച പാര്‍ലമെന്റില്‍ മറുപടി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്് മാപ്പ് എഴുതി നല്‍കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയത്.

അതേസമയം പാര്‍ലമെന്റില്‍ അദാനി വിഷയം ഉന്നയിക്കാന്‍ രാഹുലിനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തി. രാഹുല്‍ പാര്‍ലമെന്റിന് മുമ്പാകെ മാപ്പ് പറയണമെന്നുമുള്ള ഭരണപക്ഷത്തിന്റെ ആവശ്യം അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണെന്ന് കോണ്‍ഗ്രസ് എംപിമാര്‍ കുറ്റപ്പെടുത്തിയിരുന്നു.

ലണ്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ജനാധിപത്യ സംവിധാനങ്ങളെയും പ്രതിപക്ഷത്തെയും തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇന്ത്യന്‍ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും താനടക്കം നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.