ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 6 നും നവംബർ 11 നും വേട്ടെടുപ്പ്. നവംബർ 14 നു വോട്ടെണ്ണൽ നടക്കും. 7.43 കോടി വോട്ടർമാരാണ് ബീഹാറിൽ ആകെയുള്ളത്. 3.92 കോടി പുരുഷ വോട്ടർമാരും 3.50 കോടി പുത്രീ വോട്ടർമാരും ഉണ്ട്. അതേസമയം 90,712 പോളിംഗ് സ്റ്റേഷനുകൾ ആണ് ഇത്തവയുള്ളത്. ഇലക്ഷൻറെ ഭാഗമായി കനത്ത സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൂടുതൽ സേനയെ വിന്യസിപ്പിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
243 അംഗ ബിഹാർ നിയമസഭയിലേക്ക് എൻഡിഎ-ഇന്ത്യാ മുന്നണികൾ നേർക്കുനേർ പോരാട്ടമാണ്. മുഖ്യമന്ത്രി നിതീഷ് കുമാർ നയിക്കുന്ന എൻഡിഎയിൽ ജെഡിയുവും ബിജെപിയുമാണ് പ്രധാന പാർട്ടികൾ. തേജസ്വി യാദവ് നേതൃത്വം നൽകുന്ന ആർജെഡിയാണ് ഇന്ത്യാ മുന്നണിയിലെ പ്രധാന പാർട്ടി. കോൺഗ്രസാണ് മുന്നണിയെ മറ്റൊരു പ്രധാന കക്ഷി. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്ന പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയും ബിഹാറിൽ കന്നിയങ്കത്തിനിറങ്ങും.
പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ വോട്ടർപട്ടിക സമഗ്ര പരിഷ്കരണം (എസ്ഐആർ) പൂർത്തിയാക്കിയ ശേഷമാണ് ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പോടെ പുതിയ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്. ഒരു ബൂത്തിൽ വോട്ടർമാരുടെ എണ്ണം 1200ൽ കൂടില്ല, വോട്ടിങ് യന്ത്രത്തിൽ സ്ഥാനാർഥികളുടെ ചിത്രം കളറിലാക്കും. സ്ഥാനാർഥികളെ വേഗം തിരിച്ചറിയാനാണിത്. ബൂത്ത് ലെവൽ ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ നൽകും തുടങ്ങിയ പരിഷ്കാരങ്ങൾ ബിഹാറിലാണ് ആദ്യമായി നടപ്പാക്കുന്നത്. പിന്നീട് ഇത് രാജ്യവ്യാപകമാക്കും.







