ഗുജറാത്ത് മന്ത്രിസഭ വിപുലീകരണം: ഹര്‍ഷ് സംഘ്വി പുതിയ ഉപമുഖ്യമന്ത്രി; 19 പുതുമുഖങ്ങള്‍ പുതിയ മന്ത്രിസഭയില്‍; ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബയും മന്ത്രി

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ഉള്‍പ്പെടെ 26 മന്ത്രിമാരുള്ള പുതിയ മന്ത്രിസഭ ഗുജറാത്തില്‍ അധികാരമേറ്റു. സംസ്ഥാന ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവിയാണ് ഗുജറാത്ത് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗാന്ധിനഗറിലെ മഹാത്മ മന്ദിറില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ഉള്‍പ്പെടെ 19 പുതുമുഖങ്ങളാണ് മന്ത്രിസഭയിലുള്ളത്.

പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി വിപുലീകരിച്ചതോടെ ഗുജറാത്ത് മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം മുഖ്യമന്ത്രി ഉള്‍പ്പെടെ 26 പേരായി ഉയര്‍ന്നു. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് ആം ആദ്മി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി വന്‍ വിജയം നേടിയ സംഘവിയെയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി കൊണ്ടുവന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തില്‍ ഗാന്ധിനഗറിലെ രാജ്ഭവനില്‍ ഗവര്‍ണര്‍ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലികൊടുത്തു.

പുതിയ മന്ത്രിസഭയില്‍ പരിചിതരായ നിരവധി മുഖങ്ങളുണ്ട്. ആറ് മന്ത്രിമാര്‍ മന്ത്രിസഭയിലേക്ക് മടങ്ങിയെത്തി. ഋഷികേശ് പട്ടേല്‍, കനുഭായ് ദേശായി, കുന്‍വര്‍ജി ബവാലിയ, പ്രഫുല്‍ പന്‍സേരിയ, പര്‍ഷോത്തം സോളങ്കി, സംഘവി എന്നിവരാണ് മന്ത്രിസഭയില്‍ നിലനിര്‍ത്തപ്പെട്ടവര്‍. പുതിയ മന്ത്രിസഭയില്‍ ഇവരുടെ വകുപ്പുകളിലും മാറ്റമില്ല. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ജാംനഗര്‍ നോര്‍ത്ത് എംഎല്‍എയുമായ റിവാബ ജഡേജ ആദ്യമായി മന്ത്രിസഭയിലെത്തിയെന്ന പ്രത്യേകതയുണ്ട്. നരേഷ് പട്ടേല്‍, ദര്‍ശന വഗേല, പ്രത്യുമാന്‍ വാജ, കാന്തിലാല്‍ അമൃതിയ, മനിഷ വാകില്‍, അര്‍ജുന്‍ മോന്ദ്വാഡിയ, ജിതു വാഘാനി, സ്വരൂപ് ജി ഠാക്കൂര്‍, ത്രികാം ഛാംഗ, ജയറാം ഗാമിത്, പി.സി. ബരാന്ദ, രമേശ് കത്താറ, ഈശ്വര്‍സിന്‍ഹ് പട്ടേല്‍, പ്രവീണ്‍ മാലി, രാമന്‍ഭായ് സോളാങ്കി, കമലേഷ് പട്ടേല്‍, സഞ്ജയ് സിങ് മാഹിദ തുടങ്ങിയവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങള്‍.

Read more

കഴിഞ്ഞദിവസമാണ് ഗുജറാത്തിലെ ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാരിലെ മുഖ്യമന്ത്രി ഒഴികെയുള്ള 16 മന്ത്രിമാരും രാജിക്കത്ത് നല്‍കിയത്. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ബിജെപിയുടെ നിര്‍ദേശപ്രകാരമായിരുന്നു രാജി. തുടര്‍ന്നാണ് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ട് പുതിയ അംഗങ്ങളുടെ വിവരങ്ങള്‍ കൈമാറിയത്. 182 അംഗങ്ങളുള്ള ഗുജറാത്ത് നിയമസഭയില്‍ അനുവദനീയമായ മന്ത്രിമാരുടെ പരാമവധി എണ്ണം 27 ആണ്. പുതിയ മന്ത്രിസഭയില്‍ ഒബിസി വിഭാഗത്തില്‍നിന്ന് എട്ടുപേരും പാട്ടിദാര്‍ വിഭാഗത്തില്‍നിന്ന് ആറുപേരും എസ്ടി വിഭാഗത്തില്‍നിന്ന് നാലുപേരും എസ്സി വിഭാഗത്തില്‍നിന്ന് മൂന്നുപേരും ക്ഷത്രിയവിഭാഗത്തില്‍നിന്ന് രണ്ടുപേരും ബ്രാഹ്‌മണ, ജൈന വിഭാഗങ്ങളില്‍നിന്ന് ഓരോരുത്തരും ഉള്‍പ്പെടുന്നു.