യു.പിയിൽ തന്റെ വാഹനവ്യൂഹത്തിന് നേരെ വെടിവെച്ചതായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് 

ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ ജില്ലയിൽ വെച്ച് തന്റെ പാർട്ടിയുടെ വാഹന വ്യൂഹത്തിന് നേരെ  വെടിവെച്ചതായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഞായറാഴ്ച വൈകിട്ട്  ട്വീറ്റ് ചെയ്തു.  കഴിഞ്ഞ മാസം ഹത്രാസിൽ ഒരു ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്  ഉത്തർപ്രദേശ് സർക്കാരിനെ നിശിതമായി വിമർശിച്ചിരുന്നു.

നവംബർ മൂന്നിന് നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി അംഗങ്ങൾ പ്രചാരണം നടത്തുന്നതിനിടെയാണ് വെടിവെയ്പ്പ് ഉണ്ടായതെന്ന് ആസാദ് പറഞ്ഞു. ഇന്ന് ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യാൻ നിശ്ചയിച്ചിരുന്ന ആസാദ് വാഹനവ്യൂഹത്തിൽ യാത്ര ചെയ്യുകയായിരുന്നോ എന്ന് വ്യക്തമല്ല.

“ബുലന്ദ്‌ഷഹർ തിരഞ്ഞെടുപ്പിലെ ഞങ്ങളുടെ സ്ഥാനാർത്ഥിയെ പ്രതിപക്ഷ പാർട്ടികൾ ഭയപ്പെടുന്നുണ്ട്, ഇന്നത്തെ റാലി അവരെ ആശങ്കപ്പെടുത്തുന്നു, അതിനാലാണ് എന്റെ വാഹനവ്യൂഹത്തിന് നേരെ ഭീരുക്കളെപ്പോലെ അവർ വെടിവെച്ചത്. ഇത് അവരുടെ നിരാശയാണ് കാണിക്കുന്നത് … അന്തരീക്ഷം വിഷലിപ്തമാകണമെന്ന് അവർ ആഗ്രഹിക്കുന്നു, പക്ഷേ അത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല,”ചന്ദ്രശേഖർ ആസാദ് ട്വീറ്റ് ചെയ്തു.

ബുധനാഴ്ച ആരംഭിക്കുന്ന ബിഹാർ സംസ്ഥാന തിരഞ്ഞെടുപ്പും അടുത്ത മാസം യു.പിയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പും (ബുലന്ദഷാർ ഉൾപ്പെടെ ഏഴ് സീറ്റുകൾക്ക്) ദളിത് നേതാവ് ചന്ദ്രശേഖർ ആസാദിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശിച്ചതിന് തുടക്കം കുറിക്കും.