കണ്ണും കാതുമില്ലാതെ, മാസം തികയാതെ ജനിച്ചവര്‍; മോദി വിമര്‍ശകര്‍ക്ക് എതിരെ ഭാഗ്യരാജ്

ഇളയരാജ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡോ.ബി.ആര്‍.അംബേദ്കറിനോട് ഉപമിച്ചത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ മുതിര്‍ന്ന നടന്‍ ഭാഗ്യരാജും പ്രധാനമന്ത്രിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള പുസ്തകം സ്വീകരിക്കാന്‍ ഏപ്രില്‍ 20 ബുധനാഴ്ച ഭാഗ്യരാജ് ചെന്നൈയിലെ ബിജെപി ഹെഡ് ഓഫീസിലെത്തി. രാജ്യത്തെ നയിക്കാന്‍ മോദിയെപ്പോലൊരു വ്യക്തിയുടെ ആവശ്യമുണ്ടെന്നും പ്രധാനമന്ത്രിയുടെ ഊര്‍ജം തനിക്ക് ഇഷ്ടമാണെന്നും ചടങ്ങില്‍ ഭാഗ്യരാജ് പറഞ്ഞു.

മോദി വിമര്‍ശകര്‍ക്കെതിരെയും ഭാഗ്യരാജ് തുറന്നടിച്ചു ‘കണ്ണും കാതുമില്ലാതെ മാസം തികയാതെ പിറന്നവര്‍ എന്നാണ് വിമര്‍ശകരെ ഭാഗ്യരാജ് വിശേഷിപ്പിച്ചത്.

”ഞാന്‍ മോദിക്ക് ഒരു ചെറിയ ടിപ്പ് നല്‍കുന്നു. വിമര്‍ശിക്കുന്നവര്‍ (നിങ്ങളെ), അവര്‍ മാസം തികയാതെ ജനിച്ചവരാണെന്ന് കരുതുക, അതായത്, അവര്‍ മൂന്ന് മാസത്തിനുള്ളില്‍ ജനിച്ചവരാണ്, ”അദ്ദേഹം പരിപാടിയില്‍ പറഞ്ഞു, ‘എന്തുകൊണ്ടാണ് ഞാന്‍ മൂന്ന് മാസം എന്ന് പറയുന്നത്, കാരണം ഗര്‍ഭത്തിന്റെ നാലാം മാസത്തില്‍ മാത്രമേ കുഞ്ഞിന്റെ വായ രൂപം കൊള്ളുകയുള്ളൂ, അഞ്ചാം മാസത്തില്‍ മാത്രമേ ചെവി വികസിക്കുന്നുള്ളൂ. അതുകൊണ്ടാണ് ഈ ആളുകള്‍ പോസിറ്റീവ് ഒന്നും സംസാരിക്കാത്തത്, അവരോട് എന്തെങ്കിലും പോസിറ്റീവ് പറഞ്ഞാല്‍ പോലും അവര്‍ അത് കേള്‍ക്കുന്നില്ല. അതിനാല്‍ വിമര്‍ശിക്കുന്നവര്‍ക്ക് ചെവിയോ വായോ വികസിച്ചിട്ടില്ലെന്ന് നാം പരിഗണിക്കണം. അവരെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാഗ്യരാജ് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷന്റെ (SIFWA) പ്രസിഡന്റുമാണ്