ബീഫിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം; ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ മുസ്‌ലിം മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ചു

ബീഫിന്റെ പേരില്‍ മുസ്‌ലിം മധ്യവയസ്‌കന് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. ബിഹാറിലെ ബെഗുസാരെയില്‍ ആണ് സംഭവം. വയോധികനായ മുഹമ്മദ് ഇസ്തിഖാര്‍ ആലമിനെയാണ് ഒരു കൂട്ടം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് അവശനാക്കിയത്. ഇസ്തിഖാര്‍ ആലം ബോധം കെടുന്നതു വരെ തുടര്‍ച്ചയായി അടിച്ചിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സംസാരിക്കാന്‍ സാധിക്കാതെ ആശുപത്രിയിലാണെന്നും കുറ്റക്കാരെ പൊലീസ് ഇത് വരെ അറസ്റ്റ് ചെയ്തില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. മര്‍ദ്ദനത്തിനിരയായ മുഹമ്മദ് ആലത്തിനെതിരെ ബീഫ് കൈവശം വെച്ചു എന്ന കേസ് പൊലീസ് ചുമത്തിയതായും ബന്ധുക്കള്‍ പറഞ്ഞു.

മകളുടെ വിവാഹ ആഘോഷങ്ങളുടെ ഭാഗമായി വീട്ടിലേക്ക് ബീഫുമായി വരികയായിരുന്നു 48കാരനായ മുഹമ്മദ് ഇസ്തിഖാര്‍ ആലത്തിനെ മദ്യലഹരിയിലായിരുന്ന ഒരു കൂട്ടം ആളുകള്‍ തടയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ആലം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെ കണ്ട് വെട്ടിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് വീഴ്ത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

തന്നെ മര്‍ദ്ദിക്കരുതെന്ന് മധ്യവയസ്‌കന്‍ കെഞ്ചി പറഞ്ഞെങ്കിലും അക്രമികള്‍ ഇതൊന്നും ചെവിക്കൊണ്ടില്ല. അദ്ദേഹത്തിന്റെ ചെവിയില്‍ നിന്ന് ചോര വരാന്‍ തുടങ്ങിയിട്ടും അനങ്ങാന്‍ കഴിയാതെ അവശനായിട്ടും മര്‍ദ്ദനം തുടര്‍ന്നിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. മര്‍ദ്ദിച്ചിരുന്ന സംഘത്തിലുണ്ടായിരുന്നവരെല്ലാം തങ്ങള്‍ക്ക് പരിചിതമായ മുഖങ്ങളാണെന്നും പൊലീസ് കേസില്‍ ഒരു നടപടിയും എടുക്കുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. മുഹമ്മദ് ആലത്തിന്റെ കൈവശമുണ്ടായിരുന്ന 16000 രൂപ സംഘം തട്ടിയെടുത്തതായും ബന്ധുക്കള്‍ പറയുന്നു. വസ്ത്ര വ്യാപാരിയാണ് ഇദ്ദേഹം.