അസം കോൺഗ്രസിലും തിരിച്ചടി; വർക്കിങ് പ്രസിഡന്റ് റാണാ ഗോസ്വാമി രാജിവച്ചു, ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം

അസം കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് റാണാ ഗോസ്വാമി രാജിവച്ചു. ബുധനാഴ്ച രാവിലെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്‌ റാണാ ഗോസ്വാമി തന്റെ രാജിക്കത്ത് സമർപ്പിച്ചു. ഇദ്ദേഹം ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.

അപ്പർ അസമിലെ കോൺ​ഗ്രസിന്റെ ചുമതല വഹിച്ചിരുന്ന നേതാവായിരുന്നു റാണാ ​ഗോസ്വാമി. വിവിധ രാഷട്രീയ വിഷയങ്ങൾ ഉന്നയിച്ച് തന്റെ സംഘടനാ ചുമതലകളിൽ നിന്നും നേരത്തെ റാണാ ഗോസ്വാമി രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ പ്രാഥമിക അം​ഗത്വവും റാണ ഉപേക്ഷിക്കുന്നത്. രാജി സ്വീകരിച്ചതിന് പിന്നാലെ വേണുഗോപാൽ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ട്.

അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയായും ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയായും റാണ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിമാചലിൽ കോൺ​ഗ്രസിൽ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അസമിലും ആഭ്യന്തര പ്രശ്നങ്ങൾ ഉടലെടുക്കുന്നത് കോൺ​ഗ്രസ് കേന്ദ്രനേതൃത്വത്തെ ആശങ്കയിലാക്കുന്നുണ്ട്. ഹിമാചലിൽ മന്ത്രിയും പിസിസി അധ്യക്ഷ പ്രതിഭാ സിങിന്റെ മകനുമായ വിക്രമാദിത്യ സിങ് ബുധനാഴ്ച തന്റെ സ്ഥാനം രാജിവെച്ചു.