'കയ്യടി മാത്രമേയുള്ളൂ, പരാതികളില്ല'; വേടനെ പോലും ഞങ്ങള്‍ സ്വീകരിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ

2024 സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിവാദത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. അവാർഡ് പ്രഖ്യാപനത്തിൽ കയ്യടി മാത്രമേയുള്ളൂവെന്നും പരാതികളില്ലെന്നും മന്ത്രി പറഞ്ഞു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ആദരിച്ചു. വേടനെ പോലും ഞങ്ങള്‍ സ്വീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം പുരസ്‌കാര പ്രഖ്യാപനത്തിൽ ബാലതാരങ്ങൾക്ക് പുരസ്‌കാരം നിഷേധിച്ച സംഭവത്തിലും മന്ത്രി വിശദീകരണം നൽകി. മൂല്യമുള്ള സിനിമകൾ ഇല്ലായിരുന്നുവെന്നാണ് മന്ത്രിയുടെ വാദം. അതേകുറിച്ച് ജൂറി തന്നെ ഖേദം പ്രകടിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. അതേസമയം നല്ല സിനിമകൾ ഉണ്ടാകാൻ സർക്കാർ ഇടപെടുമെന്നും പ്രശ്നങ്ങൾ അടുത്ത അവാർഡിൽ പരിഹരിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുട്ടികളുടെ സിനിമയ്ക്ക് 100 ശതമാനം പരിഗണന നൽകാൻ തീരുമാനിച്ചിരുന്നു. പരാതി ഇല്ലാതെ ഏറ്റവും മികച്ച പ്രഖ്യാപനമാണ് ഇന്നലെ നടന്നത്. നാലു സിനിമകൾ ഇക്കൊല്ലം അവാർഡിന് വന്നിരുന്നു. അതിൽ രണ്ട് സിനിമകൾ അവസാന ഘട്ടത്തിൽ എത്തിയിരുന്നു. പക്ഷെ ക്രീയേറ്റിവ്‌ ആയ സിനിമയായി അവർ അതിനെ കണ്ടില്ല. അവാർഡ് കൊടുക്കാൻ പറ്റുന്ന പാകത്തിലേക്ക് ആ സിനിമകൾ എത്തിയില്ല. അവർ അതിൽ ഖേദപ്രകടനമാണ് നടത്തിയിരിക്കുന്നത്. – മന്ത്രി പറഞ്ഞു