തൂക്കാന്‍ ഇതെന്താ വല്ല കട്ടിയുള്ള സാധനമാണോ? ഞാനും പുതിയ തലമുറ..; പുരസ്‌കാര നേട്ടത്തിന് പിന്നാലെ മമ്മൂട്ടി

ഏഴാമതും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരിക്കുകയാണ് മമ്മൂട്ടി. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് മമ്മൂട്ടിയുടെ നര്‍മ്മം കലര്‍ന്ന പ്രതികരണങ്ങള്‍ ചര്‍ച്ചയാവുകയാണ്. ‘കളങ്കാവല്‍’ റിലീസ് ആകുകയാണല്ലോ അടുത്ത വര്‍ഷവും അവാര്‍ഡ് തൂക്കുമോ എന്ന ചോദ്യത്തിന് തൂക്കാന്‍ ഇതെന്താ കട്ടിയോ? എന്നായിരുന്നു മമ്മൂട്ടിയുടെ ഉത്തരം. ഒപ്പം അവാര്‍ഡ് നേടിയ മറ്റുള്ളവരെയും മമ്മൂട്ടി അഭിനന്ദിച്ചു.

പുതിയ തലമുറയാണ് അവാര്‍ഡ് മുഴുവന്‍ ഇത്തവണ കൊണ്ടുപോയിരിക്കുന്നത് എന്ന കമന്റിന് ‘ഞാന്‍ എന്താ പഴയതാണോ, ഞാനും ഈ തലമുറയില്‍പ്പെട്ട ആളാണ്’ എന്നും മമ്മൂട്ടി തമാശരൂപേണ ചോദിച്ചു. ‘അവാര്‍ഡ് പ്രതീഷിച്ചിട്ടല്ല ഓരോ വേഷവും ചെയ്യുന്നത്. അതെല്ലാം സംഭവിക്കുന്നതാണ്. ഇതൊരു യാത്രയല്ലേ കൂടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി’ എന്ന് മമ്മൂട്ടി പറഞ്ഞു.

അതേസമയം, മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ഏറ്റവുമധികം തവണ നേടുന്ന നടനായി മമ്മൂട്ടി മാറി. ഇത് മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന പുരസ്‌കാരമാണ്. ആറ് പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാലാണ് മമ്മൂട്ടിക്ക് തൊട്ട് പിന്നിലുള്ളത്. ഭരത് ഗോപി, മുരളി എന്നിവരാണ് മൂന്നാമതുള്ളത്. ഇരുവര്‍ക്കും 4 വീതം സംസ്ഥാന അവാര്‍ഡുകളാണ് ലഭിച്ചിട്ടുള്ളത്.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തില്‍ കൊടുമണ്‍ പോറ്റിയായും ചാത്തനായും ആണ് മമ്മൂട്ടി എത്തിയത്. വലിയ സ്വീകാര്യതയായിരുന്നു മമ്മൂട്ടിയുടെ വേഷത്തിന് ലഭിച്ചത്. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്‌സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു.