2024 സംസ്ഥാന അവാർഡുമായി ബന്ധപ്പെട്ട വിവാദത്തിലെ വിശദീകരണത്തിലെ ‘പോലും’ എന്ന പരാമർശം വളച്ചൊടിക്കരുതെന്ന് മന്ത്രി സജി ചെറിയാൻ. ‘പോലും’ എന്നുദ്ദേശിച്ചത് ഒരു ഗാനരചയിതാവ് അല്ലാത്ത ഒരാൾ എഴുതുമ്പോൾ അത് കേരളം സ്വീകരിച്ചു എന്നാണെന്ന് മന്ത്രി പറഞ്ഞു. എല്ലാം നെഗറ്റീവ് ആയിട്ട് ചിന്തിക്കരുതെന്നും പോസിറ്റീവ് ആയിട്ട് എടുകാണാമെന്നും മന്ത്രി പറഞ്ഞു.
‘വേടനെ പോലും ഞങ്ങൾ സ്വീകരിച്ചു’ എന്ന പരാമർശത്തിലാണ് മന്ത്രി വ്യക്തത വരുത്തിയത്. വേടനെ ജൂറി സ്വീകരിച്ചു എന്ന് പറഞ്ഞാൽ അത് അംഗീകരിക്കാനുള്ള മനസ് സർക്കാരിന് ഉണ്ടെന്നാണ് താൻ പറഞ്ഞതെന്നും ‘പോലും’ എന്ന വാക്ക് വളച്ചൊടിക്കരുതെന്നും മന്ത്രി പറഞ്ഞു. അവാർഡ് വിവാദത്തിൽ പ്രതികരിക്കവെയാണ് മന്ത്രി സജി ചെറിയാൻ വേടനെ ‘പോലും’ ഞങ്ങൾ സ്വീകരിച്ചു എന്ന പരാമർശം നടത്തിയത്.
‘ഒരുപാട് പ്രഗത്ഭരായ ഗാനരചയിതാക്കൾ ഇൻഡസ്ട്രിയിലുണ്ട്…അങ്ങനെയുള്ള സ്ഥലത്ത് നല്ല ഒരു കവിത എഴുതിയ വേടനെ ജൂറി സ്വീകരിച്ചു എന്ന് പറഞ്ഞാൽ അത് അംഗീകരിക്കാനുള്ള മനസ് സർക്കാരിന് ഉണ്ടെന്നാണ് പറഞ്ഞത്. ‘പോലും’ എന്ന വാക്ക് വളച്ചൊടിക്കരുത്. ഒരു ഗാനരചയിതാവ് അല്ലാത്ത ഒരാൾ എഴുതുമ്പോൾ അത് കേരളം സ്വീകരിച്ചുവെന്നാണ് പറഞ്ഞത്. അതിന്റെ നല്ല വശം എടുക്ക് എല്ലാം നെഗറ്റീവ് ആയിട്ട് ചിന്തിക്കരുത് പോസിറ്റീവ് ആയിട്ട് എടുക്ക്’, സജി ചെറിയാൻ പറഞ്ഞു.







