തഴഞ്ഞതോ തള്ളിയതോ? ബാലതാരങ്ങള്‍ക്ക് ഇടമില്ലാതെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം

55-ാം മത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ബാലതാരങ്ങളും ബാലചിത്രത്തിനും പുരസ്‌കാരങ്ങളില്ല. മിക്ക വര്‍ഷങ്ങളിലും പുരസ്‌കാര പ്രഖ്യാപന വേളയിലാണ് ആ വര്‍ഷത്തെ കുട്ടികളുടെ സിനിമയെ കുറിച്ച് പ്രേക്ഷകര്‍ പലപ്പോഴും അറിയാറുള്ളത്. മികച്ച ബാലതാരം ആണ്‍, പെണ്‍ വിഭാഗങ്ങള്‍ക്ക് നേരെ ‘ഈ വിഭാഗത്തില്‍ അവാര്‍ഡ് ഇല്ല’ എന്നാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്.

മികച്ച കുട്ടികള്‍ക്കുള്ള ചിത്രം എന്ന കോളം കഴിഞ്ഞ വര്‍ഷവും ഒഴിഞ്ഞു കിടക്കുകയായിരുന്നു. 2003 മുതല്‍ 2006 വരെയുള്ള വരെയുള്ള കാലഘട്ടത്തിലും തുടര്‍ച്ചയായി ഈ വിഭാഗത്തില്‍ പുരസ്‌കാരങ്ങള്‍ ഇല്ലായിരുന്നു. കഴിഞ്ഞ വര്‍ഷം ‘പാച്ചുവും അത്ഭുത വിളക്കും’ സിനിമയിലെ പ്രകടനത്തിന് അവിര്‍ത് മേനോന്‍, ‘ശേഷം മൈക്കില്‍ ഫാത്തിമ’ എന്ന ചിത്രത്തിന് തെന്നല്‍ അഭിലാഷ് എന്നിവര്‍ ആയിരുന്നു പുരസ്‌കാരങ്ങള്‍ നേടിയത്.

അതേസമയം, മമ്മൂട്ടി ആണ് മികച്ച നടന്‍. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിന് ഷംല ഹംസ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയായി മഞ്ഞുമ്മല്‍ ബോയ്സ്.

തെന്നിന്ത്യന്‍ താരം പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിക്ക് മുന്നില്‍ 128 സിനിമകളാണ് ഇത്തവണ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.