അയോദ്ധ്യ പ്രാണ പ്രതിഷ്ഠ ചടങ്ങ്; കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍പ്രദേശിലും പൊതു അവധി

അയോദ്ധ്യ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ ദിനമായ ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ച് ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. പ്രാണ പ്രതിഷ്ഠ ചടങ്ങിന് പൊതു അവധി പ്രഖ്യാപിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ആദ്യ സംസ്ഥാനമാണെന്ന പ്രത്യേകതയും ഹിമാചല്‍പ്രദേശിനുണ്ട്.

ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ബോര്‍ഡുകള്‍, വിദ്യാലയങ്ങള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവയ്‌ക്കെല്ലാം നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദിവസ വേതനക്കാര്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

അതേസമയം അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അവധി ചോദ്യം ചെയ്തുള്ള ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ജനുവരി 22 മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു അവധി കോടതി ശരിവെച്ചു.

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചതിനെതിരെയാണ് നാല് നിയമ വിദ്യര്‍ത്ഥികള്‍ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മതപരമായ ചടങ്ങ് ആഘോഷിക്കാന്‍ പൊതു അവധി പ്രഖ്യാപിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വം എന്ന തത്വത്തിന്റെ ലംഘനമാണെന്ന് ആയിരുന്നു ഹര്‍ജിക്കാര്‍ വാദിച്ചത്.