അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണം: മമത വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ നിന്നത് 60 എംഎൽഎമാർ; യോഗം റദ്ദാക്കി

തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. മമത ബാനർജിയുടെ കാളിഘട്ടിലെ വസതിയിൽ വിളിച്ചുചേർത്ത 80 എംഎൽഎമാരുടെ യോഗത്തിൽ 20 എംഎൽഎമാർ മാത്രമാണ് പങ്കെടുത്തത്. അറുപതോളം എംഎൽഎമാർ എത്താതിരുന്നതിനാൽ യോഗം റദ്ദാക്കി.

തൃണമൂൽ നേതാക്കൾക്കുനേരെയുണ്ടായ അക്രമങ്ങൾക്കെതിരെയുള്ള പ്രാദേശിക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനാലാണ് എംഎൽഎമാർക്ക് യോഗത്തിന് എത്താൻ കഴിയാത്തതെന്നാണ് പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം. അഭിഷേക് ബാനർജിക്കും പാർട്ടി എംപി കല്യാൺ ബാനർജിക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുന്നതിനാലാണ് എംഎൽഎമാർ യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് അറിയിച്ചു.

Read more

പലയിടങ്ങളിലും പാർട്ടി പ്രവർത്തകർക്ക് നേരെ പോലീസ് അക്രമങ്ങൾ  ഉണ്ടാകുന്നതിനാൽ അറസ്റ്റിലായ പ്രവർത്തകരെ സഹായിക്കാനും ക്രമസമാധാന നില നിയന്ത്രിക്കാനും എംഎൽഎമാർ അവരുടെ മണ്ഡലങ്ങളിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎമാരുടെ അഭ്യർഥന മാനിച്ചാണ് ഔദ്യോഗിക യോഗം റദ്ദാക്കിയതെന്നും യോഗത്തിന് എത്തിയ 20 എംഎൽഎമാരുമായി മമത ബാനർജി അനൗദ്യോഗിക ചർച്ചകൾ നടത്തിയതായും കുനാൽ ഘോഷ് കൂട്ടിച്ചേർത്തു.