സിദ്ദു മൂസെവാലയുടെ കൊലപാതകം; രണ്ടു ദിവസത്തിനകം തിരിച്ചടി നല്‍കുമെന്ന് ഭീഷണി സന്ദേശം

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് രണ്ട് ദിവസത്തിനുള്ളില്‍ തിരിച്ചടി നല്‍കുമെന്ന് ഭീഷണി സന്ദേശം. സമൂഹമാധ്യമത്തിലാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഡല്‍ഹിയിലെ കുപ്രസിദ്ധ കുറ്റവാളി നീരജ് ബാവനയുടെ സംഘമാണ് ഭീഷണി മുഴക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെയ്‌സ്ബുക്ക് പേജില്‍ സ്റ്റോറിയായിട്ടാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. സിദ്ദു മൂസെവാല തങ്ങളുടെ ഹൃദയത്തിന്റെ ഭാഗമാണ്. കൊലപാതകം ഹൃദയഭേദകമായ സംഭവമാ രണ്ട് ദിവസത്തിനകം ഫലമുണ്ടാകുമെന്നുമാണ് സന്ദേശം. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായി തിഹാര്‍ ജയിലില്‍ കഴിയുന്ന നീരജ് ബവാനയെ സ്റ്റോറിയില്‍ ടാഗ് ചെയ്തിട്ടുണ്ട്.

അതേസമയം കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയെ പൊലീസ് ഇന്നലെ തിഹാര്‍ ജയിലില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും, പഞ്ചാബ് പൊലീസ് വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടി ലോറന്‍സ് ബിഷ്ണോയി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

സിദ്ദുവിന്റെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം സിബിഐയോ എന്‍ഐഎയോ ഏല്‍പ്പിക്കണമെന്ന് സിദ്ദുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍ അംഗമായ കാനഡയില്‍ താമസിക്കുന്ന ലക്കി കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തെന്നും പൊലീസ് അറിയിച്ചു.

പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വെച്ചാണ് സിദ്ദു മൂസെവാല വെടിയേറ്റ് മരിച്ചത്. വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ദു മൂസെവാല ഉള്‍പ്പെടെയുളള 424 പേരുടെ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. 2022ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായാണ് സിദ്ദു മൂസെവാല കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ശുഭ്ദീപ് സിങ് സിദ്ദു എന്നാണ് സിദ്ദു മൂസെവാലയുടെ ശരിയായ പേര്.