അസമിലെ പ്രളയം; മരണം 107 കടന്നു, ബാധിതർ 55 ലക്ഷത്തിലേറെ

അസമിലെ പ്രളയത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 107 കടന്നു. ഇതുവരെ 55 ലക്ഷത്തോളം ജനങ്ങളെയാണ് പ്രളയം ബാധിച്ചതെന്നാണ് റിപ്പോർട്ട്. ശക്തമായ പ്രളയത്തെ തുടർന്ന് വിവിധ ജില്ലകളിൽ നിന്നായി ല​ക്ഷ​ക്കണക്കിന് ആളുകളെയാണ് മാ​റ്റി​പ്പാ​ർ​പ്പി​ച്ചത്. നൂറകണക്കിന് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​​ൾ ഇതിനോടകം തന്നെ തുറന്നിട്ടുണ്ട്. സ്ഥിതിഗതികൾ കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സംസ്ഥാന സർക്കാറുമായി ചേർന്ന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസം കോപ്പിലി നദിയിലെ കുത്തൊഴുക്കിൽ പെട്ട്  ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു കോൺസ്റ്റബിളും മരിച്ചിരുന്നു. ബ്രഹ്മപുത്ര, കോപിലി, ബേക്കി, പഗ്ലാഡിയ, പുത്തിമാരി എന്നീ അഞ്ച് നദികളിലെ വെള്ളം പലയിടത്തും അപകടമാം വിധമാണ് ഒഴുകുന്നത്.

ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ‌ഡി‌ആർ‌എഫ്) നാല് യൂണിറ്റുകളടക്കം നിരവധി സേന പ്രവർകത്തകരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ദുരിതാശ്വാസ നിധിയിലേക്ക് ദലൈലാമ 10 ലക്ഷം സംഭാവന ചെയ്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്ക് എഴുതിയ കത്തിലാണ് ദലൈലാമ ഇക്കാര്യം വ്യക്തമാക്കിയത്.

വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലെ ദുരിതാശ്വാസത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി കുറഞ്ഞത് 20,000 കോടി രൂപയുടെ സഹായ പാക്കേജ് വേണമെന്നാണ് അസമിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ ആവശ്യപ്പെട്ടത്.