അസമിൽ പ്രളയം രൂക്ഷം; 24 മണിക്കൂറിനിടെ മരിച്ചത് കുട്ടികൾ ഉൾപ്പെടെ 12 പേർ

അസമിലെ പ്രളയത്തെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കുട്ടികളടക്കം 12 പേർ മരിച്ചു. ഇതോടെ പ്രളയത്തിലും ഉരുൾ പൊട്ടലിലും മരിച്ചവരുടെ എണ്ണം 100 ആയി ഉയർന്നു. ഹൊജായ് ജില്ലയിൽ നാല് , കാംരൂപിൽ രണ്ട് , ബാർപേട്ടയിലും നൽബാരിയിലും മൂന്ന് എന്നിങ്ങനെയാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

845 ദുരിദാശ്വാസ ക്യാമ്പുകൾ തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.2.71 ലക്ഷത്തിലധികം ആളുകളാണ് ക്യാമ്പുകളിൽ കഴിയുന്നത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ദുരിതാശ്വാസ സാധനങ്ങൾ വിതരണം ചെയ്യാൻ 1025 കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

സൈന്യത്തിന് പുറമെ ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന ,അസം പോലീസിന്റെ ഫയർ ആൻഡ് എമർജൻസി സർവീസ് എന്നിവരും ദുരിത ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ദുരിതത്തിലായവർക്ക് ,ഭക്ഷണങ്ങളും, മരുന്നുകളുമടക്കം കരസേന ലഭ്യമാക്കുന്നുണ്ട്

ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയം 32 ജില്ലകളിലായി 55 ലക്ഷത്തിലധികം ആളുകളെയാണ് ബാധിച്ചിരിക്കുന്നത്. ബ്രഹ്മപുത്ര, കോപിലി, ബേക്കി, പഗ്ലാഡിയ, പുത്തിമാരി തുടങ്ങിയ നദികൾ കര കവിഞ്ഞെഴുകുന്നതും അപകട സാധ്യത വർധിപ്പിച്ചിട്ടുണ്ട്. പ്രളയത്തിൽ 99,026 ഹെക്ടറിൽ കൂടുതൽ കൃഷിയാണ്  നശിച്ചത്. 4462 ഗ്രാമങ്ങളോളം വെള്ളത്തിനടിയിലായെന്നാണ് റവന്യൂ വകുപ്പിൻ്റെ പ്രാഥമിക വിലയിരുത്തൽ.

അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. കേന്ദ്രസംഘം ഉടൻ സംസ്ഥാനത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന്  റിപ്പോർട്ട് കൈമാറുമെന്നും  കേന്ദ്ര മന്ത്രി സർബാനന്ദ പറഞ്ഞു.