വെബ്സൈറ്റില്‍ നിന്ന് എന്‍.ആര്‍.സി പട്ടിക അപ്രത്യക്ഷമായ സംഭവം: മുന്‍ ജീവനക്കാരിക്ക് എതിരെ കേസ്

അസമിലെ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് അപ്രത്യക്ഷമായ സംഭവത്തില്‍ മുന്‍ ജീവനക്കാരിക്കെതിരെ കേസ്. ഇതുമായി ബന്ധപ്പെട്ട പാസ് വേഡ് കൈമാറിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവക്കാരിക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്‍ആര്‍സിയുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നതിന് ചുമതലയുണ്ടായിരുന്ന ഇവര്‍ ജോലി രാജിവെച്ചിരുന്നു.

ഓണ്‍ലൈനില്‍ നിന്ന് വിവരങ്ങള്‍ അപ്രത്യക്ഷമായത് സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് എന്‍ആര്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ചന്ദന മഹന്തയാണ് മുന്‍ പ്രൊജക്ട് മാനേജര്‍ക്കെതിരെ പരാതി നല്‍കിയത്. ജോലി രാജിവെയ്ക്കുന്നതിന് മുമ്പ് ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ട് ഔദ്യോഗിക ഇ മെയില്‍ ഐഡികള്‍ കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കഴിഞ്ഞ നവംബറിലാണ് ഇവര്‍ രാജിവെച്ചത്.

അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരെയും ഉള്‍പ്പെട്ടവരെയും സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച പട്ടികയിലെ വിവരങ്ങളാണ് ഡിസംബര്‍ 15-ന് ശേഷം ഓണ്‍ലൈനില്‍ നിന്ന് അപ്രത്യക്ഷമായത്. വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് നിയോഗിക്കപ്പെട്ട ഐടി സ്ഥാപനമായ വിപ്രോയുമായുള്ള കരാര്‍ പുതുക്കാത്തതാണ് വിവരങ്ങള്‍ അപ്രത്യക്ഷമാകുന്നതിന് ഇടയാക്കിയതെന്നാണ് വിശദീകരണം. ക്ലൗഡ് സ്റ്റോറേജില്‍ ഡാറ്റ സൂക്ഷിക്കുന്നതിന് വിപ്രോയുമായുണ്ടാക്കിയ കരാര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അവസാനിച്ചെന്ന് അധികൃതര്‍ പറയുന്നു.