കൊറോണ വൈറസ്: അരുണാചൽപ്രദേശ് വിദേശികളുടെ പ്രവേശനം നിരോധിച്ചു

കൊറോണ വൈറസ് പടരുന്നത് തടയാൻ അരുണാചൽ പ്രദേശ് സർക്കാർ വിദേശികൾക്ക് പ്രൊട്ടക്റ്റഡ് ഏരിയ പെർമിറ്റ് (പിഎപി) നൽകുന്നത് താൽക്കാലികമായി നിർത്തിയതായി അധികൃതർ അറിയിച്ചു എന്ന് വാർത്താ ഏജൻസി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ചൈനയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ വിദേശികൾക്ക് പിഎപി ആവശ്യമാണ്. ഇനിയൊരു ഉത്തരവ് വരുന്നതുവരെ പെർമിറ്റ് നൽകുന്നത് നിർത്തണമെന്ന് ചീഫ് സെക്രട്ടറി നരേഷ് കുമാർ പിഎപി നൽകുന്ന എല്ലാ അധികാരികൾക്കും നിർദേശം നൽകി.

“കോവിഡ് -19 പോസിറ്റീവ് കേസുകൾ ഇന്ത്യയിൽ കണ്ടെത്തിയെന്നും രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അറിയുന്നു. ഇന്ത്യയിൽ കൊറോണ വൈറസ് പടരുന്നത് പ്രാഥമികമായി അടുത്തിടെ വിദേശയാത്ര നടത്തിയവരിൽ നിന്നോ അല്ലെങ്കിൽ ഇന്ത്യ സന്ദർശിച്ച സഞ്ചാരികളിലൂടെയോ ആണെന്നും മനസ്സിലാക്കാം,” സർക്കാർ ഉത്തരവിൽ പറയുന്നു.

“അരുണാചൽ പ്രദേശിൽ കൊറോണ വൈറസ് (കോവിഡ് -19) പടരുന്നത് തടയാൻ, പ്രൊട്ടക്റ്റഡ് ഏരിയ പെർമിറ്റ് (പിഎപി) നൽകുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു, ” ഉത്തരവിൽ പറയുന്നു.

വിദേശികളുടെ സന്ദർശനത്തിൽ സിക്കിം സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ നീക്കം.

രോഗത്തിന്റെ ആഘാതം പരിമിതപ്പെടുത്തുന്നതിനായി ഭൂട്ടാൻ രണ്ടാഴ്ചയായി വിദേശ സന്ദർശകർക്കായി അതിർത്തികൾ അടച്ചിരിക്കുകയാണ്.

Read more

കഴിഞ്ഞ ഡിസംബറിൽ ചൈനയിൽ ആദ്യമായി പൊട്ടിപ്പുറപ്പെട്ട വൈറസ് പല രാജ്യങ്ങളിലേക്കും പടർന്നിട്ടുണ്ടെന്നും ഒരു ലക്ഷത്തിലധികം ആളുകളെ ഇത് ബാധിച്ചിട്ടുണ്ടെന്നും 3,500 ൽ അധികം ആളുകൾ മരിച്ചതായും ജോൺസ് ഹോപ്കിൻസ് കൊറോണ വൈറസ് ട്രാക്കർ പറയുന്നു. .