അര്‍ദ്ധരാത്രിയില്‍ നഗര പ്രദക്ഷിണം; യോഗിക്ക് ഒപ്പം വാരണാസി ചുറ്റിക്കണ്ട് മോദി

അര്‍ദ്ധരാത്രിയില്‍ വാരണാസിയും പരിസരപ്രദേശങ്ങളും സന്ദര്‍ശിച്ച് പ്രധാനമന്ത്രി. വാരണാസിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പുലര്‍ച്ചെ ഒരു മണിക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് മോദി നഗര പ്രദക്ഷിണത്തിന് ഇറങ്ങിയത്. ബനാറസ് റയില്‍വെ സ്റ്റേഷനും സന്ദര്‍ശിച്ചു.

‘കാശിയിലെ പ്രധാന വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണ്. ഈ പുണ്യനഗരത്തില്‍ ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഉറപ്പു വരുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം’ എന്ന് കുറിച്ചു കൊണ്ട് രാത്രി നടത്തത്തിന്റെ ചിത്രങ്ങള്‍ മോദി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. റെയില്‍വേ കണക്റ്റിവിറ്റി വിപുലീകരിക്കും, വൃത്തിയുള്ളതും ആധുനികവും യാത്രാസൗഹൃദവുമായ റെയില്‍വെ സ്റ്റേഷനുകള്‍ ഉറപ്പുവരുത്തും എന്നും പ്രധാനമന്ത്രി പറഞ്ഞു.

കാശി വിശ്വനാഥ ക്ഷേത്രത്തിലെ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിന് ശേഷം രാത്രിയില്‍ മോദിയുടെ അദ്ധ്യക്ഷതയില്‍ ബി.ജെ.പി മുഖ്യമന്ത്രിമാരുടെ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയും ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക മുഖ്യമന്ത്രിമാരും ബിഹാര്‍, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ ഉപമുഖ്യമന്ത്രിമാരും പങ്കെടുത്തു.