പെഹൽഗാം ഭീകരാക്രമണത്തിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിൽ വിമർശനവുമായി സുപ്രീംകോടതി. ഇത്തരം സമയത്ത് സൈന്യത്തിൻ്റെ മനോവീര്യം കെടുത്തുകയാണോ എന്ന് സുപ്രീംകോടതി വിമർശിച്ചു. സൈന്യത്തിൻ്റെ ആത്മവിശ്വാസം തകർക്കുന്ന ഹർജികൾ സമർപ്പിക്കരുത് എന്നും സുപ്രീംകോടതി പറഞ്ഞു.
ഹർജിക്കാർക്കെതിരെ രൂക്ഷമായ വിമർശനമാണ് കോടതി നടത്തിയത്. വിഷയത്തിന്റെ വൈകാരിക സ്വഭാവം മനസ്സിലാക്കിയോ എന്നും ഹർജിക്കാരോട് സുപ്രീംകോടതി ചോദിച്ചു. ഇന്ത്യയിലെ ഓരോ പൗരനും കൈകോർത്ത് ഭീകരതയ്ക്കെതിരെ പോരാടേണ്ട നിർണായക മണിക്കൂറുകൾ ആണിത് എന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
Read more
കശ്മീർ സ്വദേശികളായ മുഹമ്മദ് ജുനൈദ്, ഫതേഷ് കുമാർ സാഹു, വിക്കി കുമാർ എന്നിവർ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. രാജ്യം കടന്നു പോകുന്ന സാഹചര്യം മനസിലാക്കണമെന്നും ഹർജി പിൻവലിക്കുന്നതാണ് നല്ലതെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹർജി നൽകിയവർ തന്നെ ഹർജി പിൻവലിച്ചു. വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇതിനായി പ്രത്യേക കർമ്മ പദ്ധതി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.