തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആന്ധ്ര മുഖ്യമന്ത്രിക്ക് നേരെ ആക്രമണം; കല്ലേറില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നെറ്റിക്ക് പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കല്ലേറില്‍ പരിക്ക്. ഇന്നലെ രാത്രി വിജയവാഡയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. അക്രമത്തില്‍ അദ്ദേഹത്തിന്റെ ഇടതു കണ്ണിന് മുകളിലായി നെറ്റിക്ക് പരിക്കേറ്റു. തുടര്‍ന്ന് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

വിജയവാഡയിലെ സിങ് നഗറിലെ വിവേകാനന്ദ സ്‌കൂള്‍ സെന്റര്‍ പരിസരത്ത് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെയായിരുന്നു കല്ലേറ് ഉണ്ടായത്. പ്രവര്‍ത്തകര്‍ മാലയിട്ട് ജഗനെ സ്വീകരിക്കുന്നതിനിടയിലായിരുന്നു ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ആക്രമണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.

Read more

കല്ലേറിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. എന്നാല്‍, അക്രമത്തിന് പിന്നില്‍ ടി.ഡി.പി പ്രവര്‍ത്തകരാണെന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.