എൻ.സി.പി നേതാവ് അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു. മറ്റ് 34 നിയമസഭാംഗങ്ങൾക്കൊപ്പം മന്ത്രിസഭയുടെ ഭാഗമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയും മന്ത്രിയായി . രണ്ട് മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്തത്. നവംബറിൽ, ബിജെപിയുമായി ചേർന്ന് ദേവേന്ദ്ര ഫഡ്‌നാവിസിനോടൊപ്പം അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. തുടർന്ന് സുപ്രീം കോടതി ഉത്തരവിട്ട വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹം രാജിവെച്ചു, ബിജെപിയുടെ 80 മണിക്കൂർ മാത്രം നീണ്ട സർക്കാർ ഭൂരിപക്ഷം തെളിയിക്കാൻ ആവാതെ പടിയിറങ്ങി.
36- ഓളം മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പത്ത് പേർ കോൺഗ്രസിൽ നിന്നുള്ളവരാണ്. മുൻ മുഖ്യമന്ത്രി അശോക് ചവാന് പൊതുമരാമത്ത് വകുപ്പ് ലഭിക്കാൻ സാദ്ധ്യതയുണ്ട്. കോൺഗ്രസിൽ നിന്ന്, അശോക് ചവാൻ, കെ സി പദ്വി, വിജയ് വാഡെറ്റിവാർ, അമിത് ദേശ്മുഖ്, സുനിൽ കടർ, യശോമതി താക്കൂർ, വർഷ ഗെയ്ക്വാഡ്, അസ്ലം ഷെയ്ക്ക്, സതേജ് പാട്ടീൽ, വിശ്വജിത് കട എന്നിവർ വിപുലീകരിച്ച മന്ത്രിസഭയുടെ ഭാഗമാണ്.
നവംബർ 28- ന് കോൺഗ്രസിന്റെ ബാലസാഹേബ് തോറാത്ത്, നിതിൻ റൗത്ത്, ശിവസേനയിലെ ഏകനാഥ് ഷിൻഡെ, സുഭാഷ് ദേശായി, എൻസിപിയിലെ ജയന്ത് പാട്ടീൽ, ചഗൻ ഭുജ്ബാൽ എന്നിവർ ഉദ്ധവ് താക്കറേയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയ്ക്ക് പരമാവധി 43 മന്ത്രിമാരുണ്ടാകാം. മന്ത്രിസഭയുടെ വലിപ്പം സംസ്ഥാനത്തെ മൊത്തം എംഎൽഎമാരുടെ അതായത് 288ന്റെ 15 ശതമാനത്തിൽ കവിയരുത്.
നവംബറിൽ ശരദ് പവാറിന്റെ എൻസിപിയും കോൺഗ്രസും ശിവസേനയും സഖ്യമുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ അജിത് പവാർ തന്റെ പാർട്ടിക്കെതിരെ തിരിഞ്ഞ് ബിജെപിയുമായി ചേർന്ന് സംസ്ഥാനത്ത് അധികാരം പിടിച്ചെടുത്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അട്ടിമറി ശ്രമം പരാജയപ്പെട്ടു, മിക്ക എംഎൽഎമാരും ശരദ് പവാറിനൊപ്പം തുടരാൻ തീരുമാനിച്ചു.
Read more
എന്നാൽ സഖ്യത്തെ കുറിച്ച് തീരുമാനം എടുക്കുന്നതിൽ കോൺഗ്രസ് കാലതാമസം വരുത്തിയത് അദ്ദേഹത്തിന്റെ മരുമകനെ ബിജെപിയുടെ ഭാഗത്തേക്ക് തള്ളി വിട്ടെന്ന് സൂചിപ്പിച്ച് ശരദ് പവാർ കോൺഗ്രസിനെ കുറ്റപ്പെടുത്തിയിരുന്നു.