അദാനി എന്റര്‍പ്രെസ് കുതിച്ചു; പിന്നാലെ മറ്റ് ഓഹരികളിലും പച്ചവെളിച്ചം; ഇടപെടലുകള്‍ ഫലം കണ്ടു; ഓഹരി വിപണയില്‍ വന്‍ തിരിച്ചുവരവ് നടത്തി അദാനി ഗ്രൂപ്പ്

അദാനി ഗ്രൂപ്പ് നടത്തിയ ഇടപെടലുകള്‍ക്ക് പിന്നാലെ ഓഹരി വിപണയില്‍ വന്‍ മുന്നേറ്റം നടത്തി അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികള്‍. എട്ട് ട്രേഡിങ് സെഷനുകള്‍ക്ക് ശേഷമാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ തിരിച്ചുകയറുന്നത്. അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ ചൊവ്വാഴ്ചത്തെ ആദ്യ ട്രേഡിങ് സെഷനില്‍ 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് പരിധിയില്‍ എത്തിയിരുന്നു. എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്ത അദാനി ?ഗ്രൂപ്പിന്റെ 10 ഓഹരികളില്‍ രണ്ടെണ്ണം മാത്രമാണ് ട്രേഡിങ് സെഷന്റെ തുടക്കത്തില്‍ ഇന്ന് താഴ്ന്നത്. അദാനി പോര്‍ട്ട്‌സിന്റെ ഓഹരി ഒമ്പത് ശതമാനം ഉയര്‍ന്ന് 597 രൂപയിലെത്തി. അദാനി ട്രാന്‍സ്മിഷന്റെ ഓഹരികള്‍ 73 ശതമാനം വാര്‍ഷിക വര്‍ധനവ് രേഖപ്പെടുത്തി..

ഓഹരിവിപണയില്‍ അദാനി എന്റര്‍പ്രൈസാണ് ഏറ്റവും വലിയ മുന്നേറ്റം കാഴച്ച വെച്ചിരിക്കുന്നത്. 14.64 പോയിന്റുകള്‍ ഉയര്‍ന്ന് 1802 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്‍ഡിടിവി 0.39 ശതമാനം പോയിന്റുകള്‍ ഉയര്‍ന്നു. അദാനി വില്‍മര്‍ 4.99 പോയിന്റുകള്‍ഉയര്‍ന്ന് 398.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഓഹരി വിപണിയില്‍ കരുത്തുകാട്ടാന്‍ ഇന്നലെ തന്നെ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിരുന്നു അദാനി ഗ്രൂപ്പ്. ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടുകള്‍ വ്യാജമെന്ന്തെളിയിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പണയം വെച്ച മൂന്ന് കമ്പനികളുടെ ഓഹരികള്‍ അദാനി ഗ്രൂപ്പ് തിരിച്ചെടുത്തു. വായ്പകളുടെ കാലാവധിയെത്തുംമുമ്പുള്ള തിരിച്ചെടുക്കല്‍ കമ്പനിയുടെ കരുത്ത് കാട്ടുന്നതിന് വേണ്ടിയാണ്.
അദാനി പോര്‍ട്‌സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ ഓഹരികള്‍ തിരിച്ചെടുക്കാന്‍ കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍ 9,100 കോടി രൂപയാണ് തിരിച്ചടച്ചത്.

അദാനി പോര്‍ട്‌സിന്റെ 16.8 കോടി(12ശതമാനം), അദാനി ഗ്രീന്‍ എനര്‍ജിയുടെ 2.75 കോടി (മൂന്നു ശതമാനം), അദാനി ട്രാന്‍സ്മിഷന്റെ 1.17 കോടി(1.4ശതമാനം)ഓഹരികളാണ് തിരികെയെടുത്തത്. വായ്പയ്ക്ക് 2024 സെപ്റ്റംബര്‍വരെ കാലാവധിയുണ്ടായിരുന്നു. ഇതിനു പുറമെ, അദാനി പവറിന്റെ 25ശതമാനവും അദാനി എന്റര്‍പ്രൈസസിന്റെ 22.6ശതമാനവും ഓഹരികള്‍ പണയത്തിലുണ്ട്. ഈ ഓഹരികളുടെ നിലവിലെ വിപണിമൂല്യം 30,100 കോടി രൂപയാണ്. ഷെയറുകള്‍ പണയംവെച്ച് ഓഹരി വിലയില്‍ കൃത്രിമം കാണിച്ചെന്ന് ഹിന്‍ഡെന്‍ബെര്‍ഗ് നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണത്തിനുള്ള പരോക്ഷമായ മറപടികൂടിയായാണ് ഓഹരികളുടെ തിരിച്ചെടുക്കല്‍.