'ബലാത്സംഗ കേസിലെ കുറ്റവാളിയുടെ വിധവയായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല'; വിവാഹമോചനം തേടി നിര്‍ഭയ കേസ് പ്രതിയുടെ ഭാര്യ

നിർഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റാൻ ഇനിയൊരു പകൽ മാത്രം ബാക്കി. വധശിക്ഷ മാറ്റിവെയ്ക്കാനുള്ള പ്രതികളുടെ അവസാനവട്ട ശ്രമങ്ങൾ സജീവമാണ്. മരണ വാറണ്ട് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് വിചാരണ കോടതിയിൽ നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും. അതേസമയം, വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രതികളില്‍ ഒരാളായ അക്ഷയ് സിംഗിന്‍റെ ഭാര്യ വിവാഹമോചനത്തിനായി ബിഹാറിലെ ഔറംഗാബാദ് കോടതിയില്‍ ഹര്‍ജി നല്‍കി. ബലാത്സംഗ കേസിലെ കുറ്റവാളിയുടെ വിധവയായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അപേക്ഷയിൽ ചൂണ്ടിക്കാട്ടിയത്. വിധവയായി ജീവിക്കാനാകില്ലെന്നും വിവാഹമോചനം അനുവദിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഭര്‍ത്താവ് നിരപരാധിയാണെന്നും ഹര്‍ജിയില്‍ വാദിക്കുന്നു. ഹര്‍ജി കോടതി നാളെ പരിഗണിക്കും.

മൂന്ന് തവണയാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കേണ്ട തിയതി മാറ്റിവെച്ചത്. കുറ്റവാളികളെ നാളെ പുലർച്ചെ അ‍ഞ്ചരയ്ക്ക് തൂക്കിലേറ്റാൻ തിഹാർ ജയിൽ സജ്ജമായി കഴിഞ്ഞു. നാല് കുറ്റവാളികളുടെയും ദയാഹർജിയും തിരുത്തൽ ഹർജിയും തള്ളിയതാണെങ്കിലും അവസാന നിമിഷവും ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപേക്ഷകൾ കോടതിക്ക് മുമ്പിൽ എത്തിയിരിക്കുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് അക്ഷയ് സിംഗിന്‍റെ ഭാര്യ ഔറംഗാബാദ് കോടതിയെ സമീപിച്ചതും കുറ്റവാളികളുടെ അഭിഭാഷകൻ ആയുധമാക്കുന്നു.

വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംഗ് നൽകിയ ഹർജികൾ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് മുകേഷ് സിംഗ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. നിലവിലുള്ള എല്ലാ ഹർജികളും തള്ളിയാൽ പുതിയ ഹർജികൾ വീണ്ടും സമർപ്പിച്ചേക്കാം.

നിയമത്തിന്‍റെ മുഴുവൻ സാദ്ധ്യതകളും പരീക്ഷിച്ച കുറ്റവാളികൾ ശ്രമം തുടർന്നാൽ സുപ്രീം കോടതിയും ഹൈക്കോടതിയും അർദ്ധരാത്രിയിലും ഹർജികൾ തീർപ്പാക്കാൻ കൂടിയേക്കും. നാല് പേർക്കുമുള്ള തൂക്കുകയർ തയ്യാറാക്കി ആരാച്ചാർ പവൻ കുമാർ രണ്ട് ദിവസമായി തിഹാർ ജയിലിലുണ്ട്. ഡമ്മി പരീക്ഷണവും വിജയകരമായി നടന്നു. സി സി ടി വി ക്യാമറയിലൂടെ നാല് പേരുടേയും നീക്കങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. കുറ്റവാളികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ കൗൺസിലിങ്ങും നൽകിയിരുന്നു. ബന്ധുക്കളെ കാണാനും അവസരം നൽകി.