കടുത്ത സാമ്പത്തിക പ്രതിസന്ധി; തൊഴില്‍ നഷ്ടം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ട് പരിഭ്രാന്തി സൃഷ്ടിക്കരുത്- കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം നീങ്ങുന്നതിനിടെ തൊഴില്‍ നഷ്ടം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ട് പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍.

കമ്പനികളില്‍ തൊഴില്‍ നഷ്ടമുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍, അത് എത്ര പേരെ ബാധിക്കുമെന്ന കൃത്യമായ കണക്ക് സര്‍ക്കാറിന് നല്‍കുകയാണ് ചെയ്യേണ്ടതെന്നും സാമ്പത്തികസ്ഥിതി സംബന്ധിച്ച യഥാര്‍ത്ഥ ചിത്രം കിട്ടാന്‍ ഇത് അനിവാര്യമാണെന്നും കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

‘തൊഴില്‍ നഷ്ടത്തെക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ ഈയിടെ പുറത്തുവന്നു. അവയില്‍ മിക്കതും റിപ്പോര്‍ട്ടുകളാണ്. ഇത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു. സര്‍ക്കാരിന് സമ്പദ്‌വ്യവസ്ഥയുടെ യഥാര്‍ത്ഥ അവസ്ഥ വിലയിരുത്തുന്നതിന് കൃത്യമായ തൊഴില്‍ നഷ്ടം സംബന്ധിച്ച കണക്കുകള്‍ നല്‍കാന്‍ മന്ത്രാലയം ബിസിനസുകളോട് ആവശ്യപ്പെട്ടുണ്ട് ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ വാഹന നിര്‍മാണ രംഗം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു വര്‍ഷത്തിനിടെ ഈ മേഖലയില്‍ 45 ശതമാനത്തിലേറെ ഇടിവാണുണ്ടായി. മാരുതി സുസുക്കി, മഹീന്ദ്ര ആന്റ് മഹീന്ദ്ര, അശോക് ലെയ്‌ലാന്റ്, ഹീറോ മോട്ടോകോര്‍പ്, ടി.വി.എസ് മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഏറ്റവും മോശം അവസ്ഥയിലേക്ക് കൂപ്പുകുത്തി. ഇരുപത് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ രണ്ടര ലക്ഷം ആളുകള്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് കണക്കുകള്‍.

പ്രമുഖ ബിസ്‌കറ്റ് നിര്‍മാതാക്കളായ പാര്‍ലെ 10,000 തൊഴിലാളികളെ പിരിച്ചുവിടാന്‍ പോകുന്നു എന്ന വാര്‍ത്ത ദേശീയ തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഉത്തരേന്ത്യയിലെ ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ മൂന്ന് കോടിയിലേറെ ജോലികള്‍ നഷ്ടമാകാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടെക്‌സ്‌റ്റൈല്‍ മില്ലുകളുടെ സംഘടനയായ നോര്‍ത്തേണ്‍ ഇന്ത്യ ടെക്‌സ്‌റ്റൈല്‍ മില്‍സ് അസോസിയേഷന്‍ (നിറ്റ്മ) വിവിധ കാരണങ്ങളാല്‍ വസ്ത്ര ഉല്‍പ്പാദന മേഖല തകര്‍ച്ച നേരിടുകയാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിവിധ കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധിമൂലം തൊഴിലാളികളെ പിരിച്ചു വിടുന്ന നടപടി തുടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.