ആധാര്‍- ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍; അവസാന തീയ്യതി അനിശ്ചിതമായി നീട്ടി

ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ട തിയ്യതി അനിശ്ചിതമായി നീട്ടി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ ഡിസംബര്‍ 31 വരെയായിരുന്നു ബാങ്ക് അക്കൗണ്ട്, മ്യൂചല്‍ ഫണ്ട് ഫോളിയോ, ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവയുമായി ആധാര്‍ ലിങ്ക് ചെയ്യേണ്ടിയിരുന്നത്. ഈ തീരുമാനമാണ് കേന്ദ്ര ധനമന്ത്രാലയം ഇപ്പോള്‍ പുനഃപരിശോധിച്ചിരിക്കുന്നത്.

നാളെ സുപ്രീം കോടതി ആധാറുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ തിയ്യതി നീട്ടിയിരിക്കുന്നത്. ആധാര്‍ ബന്ധിപ്പിക്കുന്നത് മാര്‍ച്ച് 31 വരെ നീട്ടാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞയാഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

കള്ളപ്പണം തടയുന്നതിന്റെ ഭാഗമായാണ് ആധാര്‍ ബന്ധിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. നേരത്തെ ആധാര്‍ നമ്പര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതിന്റെ തീയ്യതിയും സര്‍ക്കാര്‍ നീട്ടിയിരുന്നു.