ഇന്ത്യയിൽ 20 ലക്ഷം പേർക്ക് ബിറ്റ്‌കോയിൻ നിക്ഷേപം, 9 എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നു, വമ്പൻ നിക്ഷേപകർക്ക് നോട്ടീസ് അയക്കാൻ ആദായ നികുതി വകുപ്പ്

ഇന്ത്യയിൽ ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്റ്റോകറൻസികളിൽ നിക്ഷേപം നടത്തുന്ന ലക്ഷകണക്കിന് അതിസമ്പന്നർക്ക് നോട്ടീസ് അയക്കാൻ ഇൻകം ടാക്‌സ് ഡിപ്പാർട്മെന്റ് ഒരുങ്ങുന്നു. രാജ്യത്ത് ഇത്തരം കറൻസികളിൽ ഇടപാടുകൾ നടക്കുന്ന 9 എക്‌സ്‌ചെഞ്ചുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബിറ്റ്‌കോയിൻ നിക്ഷേപം ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടില്ലെങ്കിലും വലിയ തോതിൽ നികുതി വെട്ടിച്ചു കള്ളപ്പണ നിക്ഷേപം ഈ രംഗത്തു നടക്കുന്നതായി ആദായ നികുതി വകുപ്പ് നടത്തിയ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്.

ഏകദേശം 20 ലക്ഷം സമ്പന്നർ ഈ എക്‌സ്‌ചഞ്ചുകളിൽ അംഗങ്ങളാണ്. ഇവരിൽ 4 – 5 ലക്ഷം പേർ സജീവമായി ഇടപാടുകൾ നടത്തുന്നതായാണ് കണ്ടെത്തൽ. ഇവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനാണ് നോട്ടീസ് അയക്കുന്നത്. ആദായ നികുതി വകുപ്പിന്റെ ബാംഗളൂരിലെ അന്വേഷണ വിഭാഗമാണ് ആഴ്ചകൾ നീണ്ട പരിശോധനകൾക്ക് ശേഷം റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ശുപാർശയും അവർ നൽകിയിട്ടുണ്ട്.

പനാമ, പാരഡിസ്‌ പേപ്പറുകൾ വഴി പുറത്തു വന്ന പേരുകളെ പിൻപറ്റിയാണ് അന്വേഷണം ശക്തമാകുന്നത്. ഇത്തരത്തിൽ വൻതോതിൽ കള്ളപ്പണം, ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്റ്റോകറന്സികളിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്. അമിതാബ് ബച്ചൻ, ഐശ്വര്യ റായ്, അജയ് ദേവ്ഗൺ തുടങ്ങിയവരടക്കമുള്ള ബോളിവുഡ് താരങ്ങളുടെ പേരും പനാമ, പാരഡിസ് പേപ്പറുകളിലൂടെ പുറത്തു വന്നിട്ടുണ്ട്.

ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിൽ കെ വൈ സി അടക്കമുള്ള നിർദേശങ്ങൾ പാലിച്ചാണ് ബിറ്റ്‌കോയിൻ എക്‌സ്‌ചഞ്ചുകളിൽ അംഗത്വം നൽകിയിരിക്കുന്നത്. പക്ഷെ മൂലധന നേട്ടമായി കണക്കാക്കി നികുതി അടക്കേണ്ട നിക്ഷേപമാണ് ഇത്. എന്നാൽ നികുതി അടക്കുന്നില്ല എന്നതാണ് ഗുരുതരമായ പ്രശ്നം. അതുകൊണ്ട് തന്നെ വൻ തോതിൽ കള്ളപ്പണം ബിറ്റ്‌കോയിൻ നിക്ഷേപ രംഗത് എത്തുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഈ സാഹചര്യത്തിൽ സജീവമായ അക്കൗണ്ട് ഉടമകൾക്ക് ആദായ നികുതി നിയമപ്രകാരം നോട്ടീസ് അയക്കാനുള്ള ഒരുക്കത്തിലാണ് വകുപ്പ്.

2017 മാർച്ചിൽ ധനകാര്യ വകുപ്പ് ക്രിപ്റ്റോകറൻസികൾ നിയമവിധേയമാക്കണമോ എന്ന വിഷയത്തിൽ പഠനം നടത്തുന്നതിന് ഒരു ഇന്റർ ഡിസിപ്ലിനറി കമ്മറ്റിയെ നിയോഗിച്ചിരുന്നു. കമ്മറ്റിയുടെ റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനം ആയിട്ടില്ല. ക്രിപ്റ്റോകറൻസി ഇടപാടുകൾ പൂർണ്ണമായും നിരോധിക്കണമെന്നാണ് സമിതി നിർദേശിച്ചിരിക്കുന്നത്.