'ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ അന്താരാഷ്ട്ര ആത്മീയ തലസ്ഥാനമാക്കും': അരവിന്ദ്  കെജ്‌രിവാൾ

തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ അന്താരാഷ്ട്ര ആത്മീയ തലസ്ഥാനമാക്കി മാറ്റുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാൾ. ഇത് വിനോദ സഞ്ചാരത്തെ വിപുലമായി മെച്ചപ്പെടുത്തും. ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുമെന്നും ഹരിദ്വാറില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കെജ്‌രിവാൾ പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിനെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച കെജ്‌രിവാൾ, സംസ്ഥാനത്ത് വലിയ മാറ്റമുണ്ടാകുമെന്ന് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി സത്യസന്ധമായ സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്നും അതിലൂടെ അഴിമതി ഇല്ലാതാക്കാന്‍ കഴിയുമെന്നും  അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡില്‍ എ.എ.പി അധികാരത്തിലെത്തിയാല്‍ അയോധ്യ, അജ്മീര്‍ ഷെരീഫ്, കര്‍താര്‍പൂര്‍ സാഹിബ് എന്നിവിടങ്ങളിലേക്ക് സൗജന്യ തീര്‍ഥാടന യാത്രകള്‍ ഏര്‍പ്പെടുത്തും. മതകേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് അയോധ്യ ദര്‍ശനനവും മുസ്ലീങ്ങള്‍ക്ക് അജ്മീര്‍ ഷെരീഫ് ദര്‍ശനവും സുഗമമാക്കും.

ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കെജ്‌രിവാൾ തന്റെ മുന്‍ സന്ദര്‍ശനങ്ങളില്‍ വാഗ്ദാനം ചെയ്തിരുന്നു. യുവാക്കള്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജോലികളില്‍ 80 ശതമാനം സംവരണം ഏര്‍പ്പെടുത്തും. 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും ആവശ്യങ്ങള്‍ക്കായി പ്രതിമാസം 1000 രൂപ വീതം നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി. ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡില്‍ വോട്ടെടുപ്പ്. മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും.