'വിലക്കയറ്റവും തൊഴിലില്ലായ്മയും കാണുന്നില്ലേ, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയൂ'; പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ മറുപടി

പാര്‍ലമെന്റില്‍ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധം നടത്തിയ കോണ്‍ഗ്രസിനെ പരിഹസിച്ച പ്രധാനമന്ത്രി മോദിക്ക് മറുപടിയുമായി രാഹുല്‍ഗാന്ധി. അന്ധവിശ്വാസം ഉളവാക്കുന്ന വാക്കുകള്‍ പ്രചരിപ്പിച്ച് പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് കളയരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മോദി തൊഴിലില്ലായ്മയും വിലക്കയറ്റവും കാണുന്നില്ല. കറുത്ത വസ്ത്രം മാത്രമാണ് കാണുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി മറുപടി പറയേണ്ടി വരുമെന്നും രാഹുല്‍ പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം. കൊള്ളരുതായ്മകള്‍ മറച്ചുവയ്ക്കാനാണ് മോദി ശ്രമിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റത്തിനെതിരെ വെള്ളിയാഴ്ച നടന്ന രാജ്യവ്യാപക പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എം.പി മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടക്കം കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് എത്തിയത്.

ഇതേ തുടര്‍ന്ന് നിരാശ ബാധിച്ച ചിലര്‍ ദുര്‍മന്ത്രവാദവുമായി ഇറങ്ങിയിരിക്കുകയാണ്. കറുത്ത വസ്ത്രം അണിഞ്ഞാല്‍ നിരാശ മാറുമെന്ന് ചിലര്‍ കരുതുന്നുവെന്നും മോദി പരിഹസിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുല്‍ഗാന്ധിയുടെ പ്രതികരണം.

ദുര്‍മന്ത്രവാദം നടത്തിയാലും അന്ധവിശ്വാസം പ്രചരിപ്പിച്ചാലും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിയില്ലെന്നും മോദി പറഞ്ഞിരുന്നു. പാനിപത്തിലെ എഥനോള്‍ പ്ലാന്റ് രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിലായിരുന്നു മോദിയുടെ പരിഹാസം.