'ബുള്ളി ബായ്'; മുസ്ലിം സ്ത്രീകളെ 'ഓണ്‍ലൈന്‍ ലേലത്തില്‍' വച്ച്  വീണ്ടും വിദ്വേഷ ക്യാമ്പെയിന്‍

മുസ്‌ലിം സത്രീകളെ ‘ഓണ്‍ലൈന്‍ ലേലത്തില്‍’ വച്ച് വീണ്ടും സംഘപരിവാറിന്റെ വിദ്വേഷ ക്യാമ്പെയിന്‍. ഏറെ കോളിളക്കം സൃഷ്ടിച്ച സുള്ളി ഡീല്‍സിന് ശേഷം മുസ്ലിം സ്ത്രീകളെ ലക്ഷ്യമിട്ട് മറ്റൊരു ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘപരിവാര്‍.’ബുള്ളി ബായ്’ എന്നാണ് പുതിയ ആപ്പിന്റെ പേര് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മുസ്ലിം സ്ത്രീകളുടെ പേുകളും ചിത്രങ്ങളുമാണ് ഈ ആപ്പില്‍ വില്‍പ്പനയ്ക്ക് എന്ന പറഞ്ഞ് നല്‍കിയിരിക്കുന്നത്.

‘സുള്ളി ഡീലു’കള്‍ക്ക് ഉപയോഗിച്ച ഗിറ്റ്ഹബ് എന്ന പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ‘ബുള്ളി ബായും എത്തിയിരിക്കുന്നത്. അഞ്ച് മാസം മുമ്പാണ് ‘സുള്ളി ഡീല്‍സ്’ എന്ന ആപ്പ് ദേശീയതലത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. മുസ്ലീം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുകയും ഒപ്പം ഇവര്‍ക്കെതിരെ ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും ആഹ്വാനം ചെയ്യുന്ന തരത്തിലായിരുന്നു സുള്ളി ഡീല്‍സ് എന്ന ആപ്പ. സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, കലാകാരികള്‍, ഗവേഷകര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രശസ്തി നേടിയ മുസ്ലീം സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു ഇത് പ്രവര്‍ത്തിച്ചിരുന്നത്. ഇതേ രീതിയാണ് ബുള്ളി ബായിയും പിന്തുടരുന്നത്.

ദേശീയ മാധ്യമ പ്രവര്‍ത്തകയായ ഇസ്മത് ആറയാണ് ആപ്പിലൂടെ മുസ്ലിം സ്ത്രീകളെ ലേലത്തിന് വെച്ചിരിക്കുന്ന ബുള്ളി ബായ് എന്ന ആപ്പിനെ കുറിച്ചുള്ള വിവരം ആദ്യമായി വെളിപ്പെടുത്തിയത്. തന്റെ ഫോട്ടോ വെച്ച് ഈ ആപ്പില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന വിവരം ഇസ്മത് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ആപ്പില്‍ ലേലത്തിനായി പ്രദര്‍ശിക്കപ്പെട്ട നിരവധി ആളുകളുടെ പട്ടിക പുറത്തു വന്നു. സംഭവത്തില്‍ ഇസ്മത് ആറ ഡല്‍ഹി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. നൂറിലധികം സ്ത്രീകളുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ ആപ്പിലൂടെ പ്രചരിക്കുന്നത്.

‘ഒരു മുസ്ലിം സ്ത്രീ എന്ന നിലയില്‍ ഇത്ര ഭയത്തോടെയും വെറുപ്പോടെയും പുതുവര്‍ഷം ആരംഭിക്കേണ്ടിവരുന്നത് ഏറെ ദുഃഖകരമാണ്. സുള്ളി ഡീല്‍സിന്റെ ഈ പുതിയ പതിപ്പിലൂടെ വേട്ടയാടപ്പെടുന്നത് ഞാന്‍ മാത്രമല്ല എന്ന് ഉറപ്പാണ്. ഇന്ന് രാവിലെ ഒരു സുഹൃത്ത് അയച്ച സ്‌ക്രീന്‍ഷോട്ടാണിത്. പുത്സവത്സരാശംസകള്‍’ – എന്നാണ് ഇസ്മത് ആറ ട്വീറ്റ് ചെയ്തത്.

കേസില്‍ അന്വേഷണം നടത്തുകയാമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. മുംബൈയിലും പൊലീസ് അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട്രയില്‍നിന്നുള്ള ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. ബുള്ളി ബായ് ആപ്പിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണത്തില്‍ മുംബൈ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ പഠിക്കുന്ന കശ്മീരി വിദ്യാര്‍ത്ഥിയായ ഹിബ ബേഗും തന്നെ ബുള്ളി ബായ് ആപ്പില്‍ ലേലത്തില്‍ വച്ചതായി അറിയിച്ചു.സുള്ളി ഡീല്‍സിലും ഹിബയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.മുസ്ലിം സ്ത്രീകള്‍ ഈ രാജ്യത്ത് സുരക്ഷിതരല്ലെന്നും ഇനിയും എത്ര കച്ചവടം നടന്നാലാണ് ഇതിലൊരു നടപടി ഉണ്ടാകുകയെന്നും ഹിബ ചോദിച്ചു.

ഇത്തരത്തിലുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി സതേജ് ഡി പാട്ടീല്‍ ട്വീറ്റ് ചെയ്തു. ഇതിന് പിന്നിലെ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിഹാറിലെ കിഷന്‍ഗഞ്ചില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി ഡോ. മുഹമ്മദ് ജവായ്ദ്, ഗുജറാത്തിലെ വാദ്ഗാം എംഎല്‍എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനി എന്നിവരും ട്വീറ്റ് ചെയ്തു.