ഐഐടി ബോംബയിൽ 36 ശതമാനം വിദ്യാത്ഥികൾക്കും പ്ലെയ്‌സ്‌മെന്റില്ല; രാജ്യത്തെ തൊഴിലില്ലായ്മ ഐഐടി മേഖലയിലേക്കും വ്യാപിക്കുന്നു

ഹയർ സെക്കണ്ടറി വിദ്യാഭ്യസം പൂർത്തിയാകുന്നതോടെ ഐഐടി -ജെഇഇ പരീക്ഷകളെഴുതി ഭാവി സുരക്ഷിതമാക്കാനായി ശ്രമിക്കുന്ന വിദ്യാർത്ഥികൾ രാജ്യത്ത് ഒരുപാടുണ്ട്. എന്നാൽ രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ പ്രതിസന്ധി ഐഐടി മേഖലയെയും ബാധിച്ചുവെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ. ഐഐടി ബോംബയിലെ ഈ വർഷത്തെ ബാച്ചിലെ 36% വിദ്യാർത്ഥികൾക്കും വാഗ്ദാനം ചെയ്ത തൊഴിൽ ലഭിച്ചില്ലെന്നാണ് ‘ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നത്.

ഈ വർഷം ഏകദേശം 2,000 വിദ്യാർത്ഥികളിൽ 712 പേർ 2024 പ്ലെയ്‌സ്‌മെൻ്റിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നാൽ ഏകദേശം 35.8% പേർക്ക് ഇതുവരെ ജോലി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം പ്ലെയ്‌സ്‌മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികളുടെ എണ്ണത്തേക്കാൾ 2.8 ശതമാനം കൂടുതലാണിത്.

2023ൽ ഐഐടി ബോംബെയിൽ 2,209 വിദ്യാർത്ഥികൾ പഠിച്ചിറങ്ങി. അതിൽ 1,485 പേർക്ക് ക്യാംപസ് പ്ലേസ്‌മെൻ്റുകളിലൂടെ ജോലി ലഭിച്ചു. എന്നാൽ ബാക്കിവരുന്ന 32.8% വിദ്യാർത്ഥികൾക്ക് പ്ലെയ്‌സ്‌മെന്റ് ലഭിച്ചില്ല. ഈ വർഷം ഇത് 35.8% ആയി വർധിച്ചതിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ആശങ്ക അറിയിക്കുന്നുണ്ട്. ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന്റെ പ്രതിഫലനമാണ് ഐഐടിയിലെ കണക്കുകളിലും ഉള്ളതെന്ന് വിമർശകർ പറയുന്നു.

സമൂഹ മാധ്യമമായ എക്‌സിലും വിഷയത്തിൽ രൂക്ഷമായ പ്രതികരണങ്ങളുണ്ടാകുന്നുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ വാർത്ത എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ആഗോള സാമ്പത്തിക മാന്ദ്യം കാരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കമ്പനികളെ ക്യാമ്പസിലേക്ക് ക്ഷണിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഐഐടി- ബോംബെയിലെ പ്ലേസ്‌മെൻ്റ് സെല്ലിലെ ഒരു ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറയുന്നത്.