കാൻപൂരിൽ സംഘർഷം,13 പൊലീസുകാർക്ക് പരിക്ക്; 36 പേർ അറസ്റ്റിൽ

ഉത്തർപ്രദേശിലെ കാൻപൂരിൽ സംഘർഷം. 36 പേർ അറസ്റ്റിൽ. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം. മുസ്ലീം പ്രവാചകനെ ബിജെപി വക്താവ് നുപൂർ ശർമ അപമാനിച്ചത് ചൊല്ലിയാണ് സംഘർഷം ഉടലെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഗ്യാൻവാപി തർക്കത്തെ സംബന്ധിച്ച സംവാദത്തിലാണ് ബിജെപി വക്താവ്  മുസ്ലീം പ്രവാചകനെതിരെ പരാമർശം നടത്തിയത്. ഇതേതുടർന്നാണ് ഇരു വിഭാഗങ്ങളും തമ്മിൽ കല്ലേറുൾപ്പെടെ സംഘർഷം ഉണ്ടാകുകയായിരുന്നു.

സംഭവത്തിൽ മൂന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘർഷത്തിന്റെ ദ്യശ്യങ്ങളിലുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് കമ്മീഷ്ണർ വിജയ് സിംഗ് മീണ വ്യക്തമാക്കി.ഗുണ്ടാ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇവരുടെ വസ്തുവകകൾ കണ്ടുകെട്ടുമെന്നും, ബാക്കിയുള്ള വരെ എത്രയും വേ​ഗം കണ്ടെത്തുമെന്നും കമ്മീഷ്ണർ വ്യക്തമാക്കി. സംഘർഷം ഉണ്ടായ പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. പതിമൂന്ന് പൊലീസുകാർക്കും മുപ്പത് സാധാരണക്കാർക്കും സംഭവത്തിൽ പരിക്കേറ്റിറ്റുണ്ട്.

നൂറോളം വരുന്നവർ മുദ്രാവാക്യം വിളിച്ച് കല്ലുകളുമായി റോഡിലേക്ക് വരുകയായിരുന്നു. സംഭവ സ്ഥലത്ത് പത്ത പൊലീസുകാർ ഉണ്ടായിരുന്നു. സംഘർഷം നിയന്ത്രണ വിധേയമാക്കാൻ ഉടൻ തന്നെ കൂടുതൽ പൊലീസ് എത്തിയിരുന്നതായും വിജയ് സിംഗ് മീണ ഇന്നലെ പറഞ്ഞിരുന്നു.