ജമ്മു കശ്മീരിന് 20,000 കോടി; 25 വര്‍ഷത്തിനകം കശ്മീരിന്റെ മുഖച്ഛായ മാറ്റുമെന്ന് മോദി

ജമ്മുകശ്മീരില്‍ 20,000 കോടിരൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരില്‍ വികസനത്തിന്റെ പുതുവഴി തുറക്കുകയാണ്. 25 വര്‍ഷത്തിനകം കശ്മീരിന്റെ മുഖച്ഛായ മാറ്റുമെന്നും വികസനത്തിന്റെ സന്ദേശവുമായാണ് താന്‍ ഇവിടെ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പല്ലിയില്‍ പഞ്ചായത്തീരാജ് ദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ വർഷത്തെ പഞ്ചായത്തിരാജ് ദിനം ജമ്മു കശ്മീരിൽ ആഘോഷിക്കുന്നത് ഒരു വലിയ മാറ്റത്തെ അടയാളപ്പെടുത്തുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജമ്മുവില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാകും. ഇവിടെ ജനാധിപത്യം താഴെ തട്ടില്‍ എത്തിയത് അഭിമാനകരമാണ്. ജനാധിപത്യത്തിലും വികസനത്തിലും കാശ്മീര്‍ രാജ്യത്തിന് മാതൃകയാണ്. വര്‍ഷങ്ങളായി സംവരണാനുകൂല്യം കിട്ടാത്തവര്‍ക്ക് ഇപ്പോള്‍ അത് ലഭിക്കുന്നു. അംബേദ്കറുടെ സ്വപ്‌നം മോദി സര്‍ക്കാര്‍ സഫലമാക്കിയെന്നും മോദി കൂട്ടിച്ചേര്‍ത്തു.

500 കിലോവാട്ട് സൗരോര്‍ജ്ജ പ്ലാന്റിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലെ എട്ടു കിലോമീറ്റര്‍ നീളമുള്ള ബനിഹാള്‍- ഖാസികുണ്ട് തുരങ്കം മോദി രാജ്യത്തിന് സമർപ്പിച്ചു. രണ്ടു ജലവൈദ്യുത പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു.

2019-ലെ ജമ്മു കശ്മീര്‍ വിഭജനത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ജമ്മു സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നരേന്ദ്രമോദി സന്ദര്‍ശിക്കുന്ന പല്ലി ഗ്രാമത്തില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെയായാണ് കഴിഞ്ഞ ദിവസം സിഐഎസ്എഫ് ബസിനു നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുകയും സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു.