18 തികയാന്‍ കാത്തിരിക്കേണ്ട; 17 വയസ് തികഞ്ഞാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്ത് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ 18 വയസാകുന്നത് വരെ കാത്തിരിക്കേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 17 വയസ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ നല്‍കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

മുന്‍കൂറായി അപേക്ഷ നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാണ്ഡെ എന്നിവരാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നിലവില്‍ ജനുവരി 1ന് 18 വയസ്സ് തികയുന്നവര്‍ക്ക് മാത്രമാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കൂ. എന്നാല്‍ പുതിയ ഉത്തരവോടെ ഇതിന് മാറ്റമാകും.