പറഞ്ഞതെല്ലാം വിഴുങ്ങി മാലിദ്വീപ് പ്രസിഡന്റ്; ഇന്ത്യ അടുത്ത സഖ്യകക്ഷിയായി തുടരും; ദ്വീപുരാഷ്ട്രത്തിനുള്ള കടാശ്വാസം തുടരണം; മലക്കം മറിഞ്ഞ് മുഹമ്മദ് മുയിസു

ഇന്ത്യയോട് കടാശ്വാസം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യയെ അകറ്റിനിര്‍ത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മുഹമ്മദ് മുയിസുവിന്റെ നിലപാട് മാറ്റമായാണ് ഇതിനെ കാണുന്നത്.

ഇന്ത്യ മാലദ്വീപിന്റെ അടുത്ത സഖ്യകക്ഷിയായിത്തുടരുമെന്നും ദ്വീപുരാഷ്ട്രത്തിനുള്ള കടാശ്വാസം തുടരണമെന്നും അദേഹം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 40.9 കോടി ഡോളറിന്റെ(3424.04 കോടി രൂപ) കടബാധ്യതയാണ് ഇന്ത്യയുമായി മാലദ്വീപിനുള്ളത്.

മാലിദീപിലെ മാധ്യമമായ ‘മിഹാരു’വിന് നല്‍കിയ അഭിമുഖത്തിലാണ് അദേഹം നിലപാട് മാറ്റിയത്. മാലിദ്വീപിന് സഹായം നല്‍കുന്നതില്‍ ഇന്ത്യ നിര്‍ണായകകക്ഷിയാണ്. അവര്‍ ഒട്ടേറെപദ്ധതികളും രാജ്യത്ത് നടപ്പാക്കിയിട്ടുണ്ട്. മാലദ്വീപിന്റെ ഏറ്റവുമടുത്ത സഖ്യകക്ഷിയായി ഇന്ത്യ തുടരുമെന്ന കാര്യത്തില്‍ ചോദ്യമേ ഉദിക്കുന്നില്ലെന്നും മുയിസു പറയുന്നു.

അധികാരത്തില്‍ എത്തിയ ഉടന്‍ മാലദ്വീപിലുള്ള ഇന്ത്യന്‍സൈനികരെ പൂര്‍ണമായും പിന്‍വലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടു. മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ പ്രതികരണങ്ങള്‍ ഇന്ത്യയും മാലിദ്വീപുമായുള്ള ബന്ധങ്ങള്‍ വഷളാക്കിയിരുന്നു.